ദിലീപ് കാരണം 'സിഐഡി മൂസ'യില്‍ നിന്നും പിണങ്ങിപ്പോയി, പിന്നീട് തെറ്റ് മനസിലാക്കി തിരിച്ചു വിളിച്ചു: സലിം കുമാര്‍

ദിലീപ് കാരണം ‘സിഐഡി മൂസ’ സിനിമയില്‍ അഭിനയിക്കുന്നതിനിടെ താന്‍ പിണങ്ങി പോയിരുന്നുവെന്ന് സലിം കുമാര്‍. തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നായകനും നിര്‍മ്മാതാവുമായ ദിലീപിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചാണ് സെറ്റില്‍ നിന്നും പിണങ്ങിപ്പോയത് എന്നാണ് സലിം കുമാര്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ ആലോചിച്ചു ചെയ്ത സിനിമയാണ് സിഐഡി മൂസ. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നായിരുന്നു ദിലീപിന്റെ പ്രൊഡക്ഷന്റെ പേര്. രാവിലെ മുതല്‍ രാത്രി വരെ അവന്‍ ഇരുന്നു ആലോചനയാണ്. നാളെ എടുക്കാന്‍ പോകുന്ന സീന്‍ ഇതാണ്, അത് എങ്ങനെ എടുക്കും എന്നൊക്കെയാണ് ചര്‍ച്ച.

സെറ്റിലെത്തിയാല്‍ ക്യാമറാമാനുമായും സംവിധായകനുമായും വീണ്ടും ആലോചന. ഇത് കണ്ട് താന്‍ പ്രൊഡക്ഷന്റെ പേര് മാറ്റി ഗ്രാന്‍ഡ് ആലോചന പ്രൊഡക്ഷന്‍സ് എന്നാക്കി. നൂറോ നൂറ്റി ഇരുപതോ ദിവസം ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നു. അന്നൊന്നും മറ്റു പടങ്ങള്‍ അത്രയും ദിവസമൊന്നും പോകില്ല.

ഒരു ദിവസം താന്‍ ചെന്നപ്പോള്‍ കേള്‍ക്കുന്നു, തന്റെ കഥാപാത്രവും ക്യാപ്റ്റന്‍ രാജു ചേട്ടന്റെ കഥാപാത്രവും ഒരുമിപ്പിച്ചെന്ന്. അത് പറഞ്ഞ് തങ്ങള്‍ തമ്മില്‍ തെറ്റി. അഭിനയിക്കുന്നില്ല എന്നു പറഞ്ഞ് താന്‍ തിരിച്ചു പോന്നു. ക്യാപ്റ്റന്‍ രാജു ചേട്ടന്‍ അതില്‍ ദിലീപിന്റെ അമ്മാവനാണ്. ആ കഥാപാത്രവും തന്റേതും ഒന്നിച്ച് താന്‍ തന്നെ ചെയ്യണം.

Read more

തന്റേത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. ഭ്രാന്തനും ആകണം, അമ്മാവനും ആകണം. അതായിരുന്നു അവരുടെ പ്ലാന്‍. താന്‍ നേരെ ലാല്‍ ജോസിന്റെ പട്ടാളം എന്ന സിനിമയിലേക്ക് പോയി. പിന്നീട് ആലോചിച്ചപ്പോള്‍ അവര്‍ക്ക് തെറ്റ് മനസിലായി. തന്നെ തിരിച്ചു വിളിച്ചു എന്നാണ് സലിം കുമാര്‍ പറയുന്നത്.