വരിക വരിക സഹജരേ.. സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമായ ദേശഭക്തി ഗാനം ലൂസിഫറിലും; വീഡിയോ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു്. സ്വാതന്ത്ര്യ സമര സേനാനി അംശി നാരായണപിള്ളയുടെ രചനയില്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ആ പഴയ ദേശഭക്തിഗാനത്തിന്റെ പുതിയ പതിപ്പാണ് ലൂസിഫറിലെ ആദ്യഗാനം. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ദീപക് ദേവ് ആണ് ഗാനം പുതിയ രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആലാപനം മുരളിഗോപി.

അംശി നാരായണപിള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഉപ്പു സത്യാഗ്രഹത്തിനു വേണ്ടി എഴുതിയ വരികളാണിത്. ഈ കവിതയും പാടിക്കൊണ്ട് തിരുവനന്തപുരം മുതല്‍ മലബാര്‍ വരെ അദ്ദേഹം കാല്‍നടയാത്ര നടത്തി. അതിനിടയില്‍ കൊച്ചിയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ഗാനം നിരോധിക്കുകയായിരുന്നു.

2011ല്‍ ഇതേ ഗാനം വീരപുത്രന്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗാനമാലപിച്ചത് എം.ജി ശ്രീകുമാറും സംഘവുമായിരുന്നു. രമേശ് നാരായണനാണ് സംഗീതം നല്‍കിയത്.