ഫഹദിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം 'മാലിക്' ; സംഘട്ടനം ഒരുക്കുന്നത് ലീ വിറ്റേക്കര്‍

ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മാലിക്. ഫഹദിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് ഏകദേശം 27 കോടിയാണ്. ആന്റോ ജോസഫാണ് നിര്‍മ്മാതാവ്. മാലികിന്റെ മറ്റൊരു സവിശേഷത ചിത്രത്തിനായി സംഘട്ടനമൊരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സംഘട്ടന സംവിധായകന്‍ ലി വിറ്റേക്കറാണ് എന്നതാണ്.
ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടറില്‍ ഒരാളാണ് ലീ. ബാഹുബലി കൂടാതെ നിരവധി ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ലീ സംഘട്ടനം ഒരുക്കിയിട്ടുണ്ട്.

മാലിക്കിന്  വേണ്ടിയുള്ള ഫഹദിന്റെ മേക്ക്ഓവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു വണ്ണം കുറഞ്ഞ്, മെലിഞ്ഞ ലുക്കിലാണ് ഫഹദ് ചിത്രത്തിലുള്ളത്. ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 15 കിലോയോളം തൂക്കം ഈ സിനിമയ്ക്കായി ഫഹദ് കുറച്ചെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് ഉള്ളത്.ബിജു മേനോന്‍,  വിനയ് ഫോര്‍ട്ട് , ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത് , ഇന്ദ്രന്‍സ് , പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്

ടേക്ക് ഓഫിന് തന്നെ ദേശീയ അവാര്‍ഡ് വാങ്ങിയ സന്തോഷ് രാമന്‍ കലാസംവിധാനവും, സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യം സംഗീതവും ചിത്രത്തിന് വേണ്ടി നിര്‍വഹിക്കുന്നു. 2020 ഏപ്രില്‍ മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും.