ഗോവര്‍ദ്ധന്‍ ഡാര്‍ക് വെബ്ബില്‍ റിസര്‍ച്ച് ചെയ്ത കാര്യങ്ങള്‍ ശരിയാണ്.. 'എമ്പുരാന്‍' ഫസ്റ്റ്‌ലുക്കിലെ രഹസ്യങ്ങള്‍ പുറത്ത്!

‘എമ്പുരാന്‍’ ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍ ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിന് മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്ന അബ്രാം ഖുറേഷിയാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. യുദ്ധസമാനമായ പശ്ചാത്തലം ഇറാഖോ അഫ്ഗാനിസ്ഥാനോ ആണെന്നാണ് തോന്നിപ്പിക്കുന്നത്.

ഈ പശ്ചാത്തലത്തെ കുറിച്ച് ലൂസിഫറില്‍ എത്തുന്ന ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം പരാമര്‍ശിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ചില ഫാന്‍ തിയറികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

”ഇവന്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ ആര്‍ക്കുമറിയില്ല. പണ്ട് ഇറാഖിലും അഫ്ഗാനിസ്ഥാനും പോസ്റ്റ് വാര്‍ റി കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് അടങ്കലില്‍ എടുത്ത് നടത്തിയിരുന്നുവെന്ന് എന്റെ ഡാര്‍ക് വെബ് റിസേര്‍ച്ചില്‍ നിന്നും അറിയാന്‍ സാധിച്ചു” എന്നായിരുന്നു ഗോവര്‍ദ്ധന്റെ ഡയലോഗ്.

ഈ ഡയലോഗില്‍ പറയുന്ന കാര്യങ്ങളാണ് എമ്പുരാന്‍ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ അബ്രാം ഖുറേഷിയായി മാറിയത് എന്നതാകും ഈ എമ്പുരാന്‍ പറയാന്‍ പോകുന്നത് എന്നാണ് സൂചന. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും ഈ ചിത്രത്തിലുണ്ടാകും.

ഇലുമാനിറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുള്‍ അഴിയുന്നതും ഈ ഭാഗത്തിലാകും എന്നും സൂചനകളുണ്ട്. ചിത്രത്തിന് ഇനിയൊരു തുടര്‍ഭാഗം കൂടി ഉണ്ടായേക്കും. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. ഉത്തരേന്ത്യയും തമിഴ്‌നാടും വിദേശരാജ്യങ്ങളുമാണ് പ്രധാന ലൊക്കേഷനുകള്‍.

Read more

മുരളി ഗോപിയാണ് കഥയും തിരക്കഥയും. തിയേറ്ററിലും ഒ.ടി.ടിയിലും വന്‍ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാല്‍ പാന്‍ വേള്‍ഡ് ലെവലിലാണ് പൃഥ്വിരാജ് എമ്പുരാന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ബജറ്റോ റിലീസ് ത്ീയതിയോ ഒന്നും നിശ്ചയിക്കാതെയാണ് ഷൂട്ട് ആരംഭിക്കുന്നത്.