സല്യൂട്ട് ആദ്യം ഒപ്പുവെച്ചത് ഒ.ടി.ടി കരാര്‍; തിയേറ്റര്‍ ഉടമകളുടെ വാദങ്ങള്‍ക്ക് എതിരെ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ താരത്തിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫറര്‍ ഫിലിംസ്. സല്യൂട്ട് ചിത്രത്തിന്റെ ഒ.ടി.ടി കരാറാണ് ആദ്യം ഒപ്പുവച്ചത് എന്നാണ് വേഫറര്‍ ഫിലിംസിന്റെ വക്താവ് പറയുന്നത്.

ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒ.ടി.ടിയുമായി ധാരണയുണ്ടായിരുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യണം എന്നാണ് ആഗ്രഹിച്ചിരുന്നത്. ഒ.ടി.ടിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ ചിത്രം ഫെബ്രുവരി 14നു മുമ്പ് തിയേറ്ററില്‍ റിലീസ് ചെയ്യാം എന്ന ധാരണയുണ്ടായിരുന്നു.

എന്നാല്‍ കോവിഡ് മൂലമുണ്ടായ ചില അസൗകര്യങ്ങള്‍ കാരണം തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് 30ന് മുമ്പ് ചിത്രം ഒ.ടി.ടിയില്‍ എത്തിയില്ലെങ്കില്‍ അത് കരാര്‍ ലംഘനവും ആകും. അതുകൊണ്ടാണ് ഇപ്പോള്‍ സല്യൂട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് എന്നാണ് വക്താവ് പറയുന്നത്.

സല്യൂട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാര്‍ പാലിക്കാത്തതുമാണ് ദുല്‍ഖറിനെയും വേഫറര്‍ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണം എന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ ആരോപണം. ഇതിനെതിരെയാണ് നിര്‍മ്മാണക്കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

നവംബര്‍ മുതല്‍ വേഫറര്‍ ഫിലിംസ് കുറുപ്പ്, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഗുണ്ടാ ജയന്‍ ഫെബ്രുവരി 18 നാണ് റിലീസ് ചെയ്തത്. സല്യൂട്ട് തുടക്കത്തില്‍ ഒ.ടി.ടികള്‍ക്കായി നിര്‍മ്മിച്ച സിനിമയാണ്.

ഇതിനിടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷത്തോടെ തന്നെ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കോവിഡ് സാഹചര്യമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. തിയേറ്റര്‍ ഉടമകളുടെ വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല, അവര്‍ തങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും വക്താവ് പറഞ്ഞു.