ദൃശ്യം നൂറ് കോടിയും കടന്ന് മുന്നോട്ട്

അജയ് ദേവ്ഗണ്‍ നായകനായെത്തിയ ദൃശ്യം 2 ന്റെ ഹിന്ദി റീമേക്ക് ഇപ്പോള്‍ ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമൊരുക്കിയ ദൃശ്യം സീരിസ് അതേ പേരിലാണ് ഹിന്ദിയിലേക്കും റീമേക് ചെയ്തിരിക്കുന്നത്. ദൃശ്യം ആദ്യ ഭാഗം ഹിന്ദിയിലൊരുക്കിയ നിഷികാന്ത് കാമത് അന്തരിച്ചു പോയതിനെ തുടര്‍ന്ന്, ദൃശ്യം 2 ഹിന്ദിയില്‍ ഒരുക്കിയത് അഭിഷേക് പഥക് ആണ്.

മോഹന്‍ലാല്‍, മീന എന്നിവര്‍ മലയാളത്തില്‍ അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ ചെയ്തത് അജയ് ദേവ്ഗണ്‍- ശ്രീയ ശരണ്‍ ടീമാണ്. ഗംഭീര പ്രതികരണമാണ് ദൃശ്യം 2 ഹിന്ദി വേര്‍ഷന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോളിതാ ബോക്‌സോഫീസിലും മികച്ച പ്രതികരണം നേടിയിരിക്കുകയാണ് ദൃശ്യം .

ആദ്യ ആറ് ദിനം കൊണ്ട് തന്നെ ഇന്ത്യയില്‍ നിന്ന് മാത്രം നൂറ് കോടിയോളം നെറ്റ് കളക്ഷന്‍ നേടിയ ഈ ചിത്രത്തിന്റെ ആദ്യ ആറ് ദിനത്തിലെ ഇന്ത്യ ഗ്രോസ് 115 കോടിയോളമാണ്. 22 കോടിയോളം ഓവര്‍സീസ് ഗ്രോസും നേടിയ ഈ ഹിന്ദി വേര്‍ഷന്‍ ഇത് വരെ ആകെ നേടിയ ഗ്രോസ് 135 കോടിയോളമാണ്.

പനോരമ സ്റ്റുഡിയോസ്, വയാകോം സ്റ്റുഡിയോസ്, ടി സീരിസ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കുമാര്‍ മങ്കത് പഥക്, കൃഷന്‍ കുമാര്‍, അഭിഷേക് പഥക് എന്നിവരും, ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ദൃശ്യം 2 ഹിന്ദി പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

ആമസോണ്‍ പ്രൈം റിലീസ് ആയെത്തിയ ദൃശ്യം 2 മലയാളം പതിപ്പ്, ആഗോള തലത്തിലാണ് ശ്രദ്ധ നേടിയത്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട മലയാളം ഒടിടി ചിത്രമെന്ന റെക്കോര്‍ഡും, ഏറ്റവും വലിയ ഒടിടി റൈറ്റ്‌സ് ലഭിച്ച മലയാള ചിത്രമെന്ന റെക്കോര്‍ഡും ഈ സിനിമ നേടിയിരുന്നു.