ഈ പടം പ്രദര്‍ശിപ്പിക്കേണ്ടത് ഫെസ്റ്റിവലുകളില്‍ മാത്രമല്ല... അടുക്കളകളില്‍ കൂടിയാണ്: സംവിധായിക ശ്രുതി ശാരണ്യം

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍” സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ജനുവരി 15ന് ആണ് ചിത്രം നീ സ്ട്രീം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ചിത്രത്തെയും സംവിധായകന്‍ ജിയോ ബേബിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ശ്രുതി ശാരണ്യം. പുരഷമേധാവിത്വത്തിന് എതിരെയുള്ള കനത്ത പ്രഹരമാണ് ചിത്രമെന്നും ചലച്ചിത്ര മേളകളില്‍ മാത്രമല്ല അടുക്കളയിലും സിനിമ പ്രദര്‍ശിപ്പിക്കണം എന്ന് ശ്രുതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശുതി ശാരണ്യത്തിന്റെ കുറിപ്പ്:

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ Jeo Baby.. Love you for giving us “the great Indian kitchen”. നല്ല തന്തമാരും പുത്രന്മാരും തള്ളമാരും അവരുടെ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളേരും ഒക്കെ കുടുംബസമേതം ഈ സിനിമ കാണണം. കണ്ടാല്‍ മാത്രം പോരാ.. ഇതൊന്നും നിങ്ങളല്ല എന്ന് കണ്ണാടി നോക്കി ഒരു പത്ത് വട്ടമെങ്കിലും പറയണം. കുറ്റബോധത്തിന്റെ ആവശ്യമേയില്ല. കാരണം ഇതൊന്നും നിങ്ങളല്ലല്ലോ.. ”

കഴിഞ്ഞ ജീവിതം ഒരു റിഹേഴ്സല്‍ ആയിരുന്നു” എന്നും പറഞ്ഞ് സുരാജ് (നിമിഷ, സുരാജ് ഇവരുടെ ഒന്നും കഥാപാത്രങ്ങള്‍ക്ക് പേര് പോലും ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിലും പേരെന്തിന്.. അത്തരത്തില്‍ ഉള്ള കഥാപാത്രങ്ങളുമായി നമുക്കാര്‍ക്കും ഒരു വിദൂര സാദൃശ്യവും ഇല്ലല്ലോ) തിണ്ണയില്‍ വച്ച് പോവുന്ന ചായക്കപ്പുണ്ടല്ലോ, അത് ഞാനും നീയും നിന്റെ തന്തയും നമ്മുടെ തന്തമാരും അവരുടെ ഭാര്യമാരും അവരുടെ മക്കളും ആങ്ങളമാരും പെങ്ങന്മാരും ഒന്നും ഒരുകാലത്തും ഇതിനപ്പുറം പോവില്ലെന്ന മുറവിളിയാണ്..

ഇടയ്ക്കൊക്കെ ഭാര്യമാര്‍ക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛന്‍മാരുടെ മക്കളും കാണണം ഈ പടം.. ദ ഫിലിം ഈസ് എ ടെറ്റ് സ്ലാപ്പ് ഓണ്‍ പ്രാട്രിയാര്‍ക്കി.. ഈ ചിത്രത്തിന് ജീവന്‍ നല്‍കിയ എല്ലാ സുഹൃത്തുക്കള്‍ ക്കും പരിചയമില്ലാത്ത മുഖങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. ഈ പടം പ്രദര്‍ശിപ്പച്ചിരിക്കേണ്ടത് ഫെസ്റ്റിവലുകളില്‍ മാത്രമല്ല… അടുക്കളകളില്‍ കൂടിയാണ്. പക്ഷേ, ഒന്ന് പറയാം.. ഇനി ഇത് കണ്ടത് കൊണ്ടൊന്നും നമ്മള്‍ നന്നാവൂല്ലപ്പാ.. അതിന് ഇതൊന്നും നമ്മള്‍ അല്ലല്ലോ.