ഒരു സെക്കന്റ് പോലും കാണാതെ സിനിമ തിരസ്കരിച്ചു; ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലേക്ക് ( ഐ. എഫ്. എഫ്. എഫ്. കെ) അയച്ച സിനിമ ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കിയെന്ന ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ. കണ്ണൂരിൽ നിന്നുള്ള സ്വാതന്ത്ര്യ സിനിമ സംവിധായകനായ ഷിജുവിന്റെ ‘എറാൻ’ എന്ന സിനിമയാണ് ഒരു മിനിറ്റുപോലും കണ്ടുനോക്കാതെ ജൂറി തിരസ്കരിച്ചത്.

ഐ. എഫ്. എഫ്. എഫ്. കെ യിൽ തന്റെ സിനിമ തെരഞ്ഞെടുക്കപ്പെടാത്തതിലുള്ള പരാതിപറച്ചിലല്ല, സിനിമ കാണാതെ ഒഴിവാക്കുക എന്നത് ഗുരുതരമായ പിഴവാണ് എന്നാണ് ഷിജു പറയുന്നത്. സിനിമയുടെ വിമിയോ (vimeo) ലിങ്കും വിമിയോ അനലിറ്റിക്സും തെളിവായി വെച്ചുകൊണ്ട് ഷിജു ഒക്ടോബർ 17 നു തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

സിനിമയുടെവിമിയോ ലിങ്ക് പരിശോധിച്ചതില്‍ നിന്നും വിമിയോ റീജിയൻ അനലിറ്റിക്സിൽ നിന്നും മനസ്സിലാക്കുന്നത് ജൂറി ഈ സിനിമ ഒരു സെക്കന്റ് പോലും പ്ലേ ചെയ്തിട്ടില്ല എന്നാണ്.
ഡൗണ്‍ലോഡ് ഓപ്ഷന്‍ ആക്ടിവേറ്റഡായിരുന്നെങ്കിലും ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടിട്ടില്ലെന്നും വിമിയോ അനലിറ്റിക്സ് വ്യക്തമാക്കുന്നു.

May be an image of 2 people and text

ഫെയ്സ്ബുക്കിലാണ് തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് ഷിജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
“കഴിഞ്ഞ കുറേ വർഷങ്ങളായി ടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ പറയുകയാണ്, എൻ്റെ അക്കാദമി ചങ്ങാതിമാരേ, എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാനെങ്കിലും സിനിമ ഏതെങ്കിലും ഒരു ഡെസ്ക്ടോപ്പിൽ ചുമ്മാ പ്ലേ ചെയ്തിട്ട് വാച്ച് ടൈം എങ്കിലും കാണിച്ചുകൂടായിരുന്നോ.
അപ്പോ എന്നേപോലുള്ളവർക്ക് സമാധാനിക്കാം… ഓ അവര് സിനിമ കണ്ട്, പക്ഷേ എൻ്റെ സിനിമ കൊള്ളാത്തതിനാല്‍ എടുത്തില്ല എന്ന്.
തെളിവു സഹിതം ഇവിടെ ഈ കാര്യം ഉന്നയിച്ചതുകൊണ്ട് ഉറപ്പുണ്ട് ഞാൻ മുകളിൽ പറഞ്ഞ കാര്യം അടുത്ത വർഷം മുതൽ നിങ്ങൾ നടപ്പിലാക്കുമെന്ന്.

പലർക്കും പരാതി ഉണ്ടെങ്കിലും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയുമോ അക്കാദമി ചങ്ങായിമാരേ, നിങ്ങളുടെ കയ്യിലാണ് Power. എന്തെങ്കിലും പറഞാൽ പിന്നെ അവൻ്റെ അല്ലെങ്കില്‍ അവളുടെ കാര്യം പോക്കാ. അവൻ പിന്നെ സിനിമ ഫെസ്റ്റിവലിന് അയക്കേണ്ട ആവിശ്യമില്ല. നിങ്ങൾ തള്ളിക്കളയും. അങ്ങനെ നിശബ്ദമാക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന ഉറപ്പ് തന്നെ ആണ് ഇത്തരത്തിൽ അനീതി കാണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്.” ഷിജു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.