ഇത് ഈ കാലഘട്ടത്തിന്റെ സിനിമ, സമാന സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്; വികൃതിയെക്കുറിച്ച് ലാല്‍ ജോസ്

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തിയ വികൃതിയ്ക്ക് എങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ എം സി ജോസെഫ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെയും കഥാപാത്രത്തെയും അധികരിച്ചുള്ളതാണ്. അജീഷ് പി തോമസ് തിരക്കഥ രചിച്ച വികൃതിയെ പ്രശംസിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് മലയാളത്തിലെ മുന്‍നിര സംവിധായകനായ ലാല്‍ ജോസ്. തനിക്കു ഒരുപാട് ഇഷ്ടമായി ഈ ചിത്രം എന്നും ഇതൊരു മനോഹരമായ ചിത്രമെന്നും ലാല്‍ ജോസ് പറയുന്നു.

ഇതേ കാലഘട്ടത്തിന്റെ സിനിമ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുപോലെ ചില സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത് കൊണ്ട് വൈകാരികമായി ഈ ചിത്രത്തോട് കൂടുതല്‍ അടുക്കാന്‍ തനിക്കു സാധിച്ചു എന്നും ലാല്‍ ജോസ് പറയുന്നു. ഇപ്പോള്‍ തന്റെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പിനെ കുറിച്ചും അതുപോലെ നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ഒരു വീഡിയോ ഉപയോഗിച്ച് ചുണ്ടിന്റെ ചലനം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തെ കുറിച്ചും ലാല്‍ ജോസ് വിശദീകരിച്ചു.

ഇപ്പോഴത്തെ ചെറുപ്പക്കാര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് വികൃതി എന്ന് പറഞ്ഞ ലാല്‍ ജോസ്, അന്യന്റെ സ്വകാര്യതയിലേക്കും ജീവിതത്തിലേക്കും നമ്മള്‍ അനാവശ്യമായി തലയിടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും നമ്മുക്ക് കാണിച്ചു തരുന്നു എന്നും പറയുന്നു. ഒപ്പം ഇതിലെ നായികാ വേഷം ചെയ്ത വിന്‍സിക്കു ലഭിക്കുന്ന അഭിനന്ദനങ്ങളും ഏറെ സന്തോഷം നല്‍കുന്നു എന്ന് ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസ് അവതരിപ്പിച്ച നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ നടി ആണ് വിന്‍സി. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയെ അവതരിപ്പിക്കുക. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷമാണ് സൗബിന്‍ കൈകാര്യം ചെയ്യുന്നത്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമി വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രമായിട്ടാണ് സുരഭിയും എത്തുന്നത്.

ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.