നഷ്ടക്കണക്ക് മാറും, വിമര്‍ശനങ്ങളിലും കുലുങ്ങില്ല, സംഭവം ഇറുക്ക്; അരുണ്‍ ഗോപി-ദിലീപ് കോമ്പോ വീണ്ടും വരുമ്പോള്‍!

മലയാള സിനിമാ വ്യവസായത്തില്‍ നഷ്ടക്കണക്കുകള്‍ എത്തിയിരുന്നെങ്കിലും ദിലീപ് ചിത്രങ്ങള്‍ക്ക് പലപ്പോഴും വാണിജ്യ നഷ്ടങ്ങള്‍ സംഭവിക്കാറില്ല. പലപ്പോഴും കുടുംബ പ്രേക്ഷകര്‍ക്ക് റിലാക്‌സ് ആയി ചിരിച്ച് കണ്ടു മടങ്ങാവുന്ന ചിത്രങ്ങളാണ് ദിലീപിന്റെത്. 2017ല്‍ ബ്ലോക്ബസ്റ്ററായ ചിത്രമാണ് ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ എത്തിയ ‘രാമലീല’. ഈ സിനിമയ്ക്ക് ശേഷം നിരവധി മികച്ച സിനിമകള്‍ ജനപ്രിയ താരത്തിന്റെതായി റിലീസ് ചെയ്‌തെങ്കിലും പലതും പരാജയങ്ങളായി.

പൊസിറ്റീവ് റിവ്യൂകള്‍ ആണ് വന്നതെങ്കിലും തിയേറ്ററുകളില്‍ സിനിമകള്‍ പിടിച്ചു നിന്നില്ല. കമ്മാര സംഭവം, മൈ സാന്റ, ബാലന്‍ വക്കീല്‍, വോയ്‌സ് ഓഫ് സത്യനാഥന്‍, എന്നീ സിനിമകള്‍ക്കെതിരെ ഡീഗ്രേഡിംഗ് കമന്റുകള്‍ എത്തിയെങ്കിലും തിയേറ്ററില്‍ വിജയിച്ചിരുന്നു. ഇനി ദിലീപ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. ദിലീപ് അരുണ്‍ ഗോപിക്കൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ദിലീപിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ബാന്ദ്ര. മാത്രമല്ല, ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ആദ്യമായാണ് ദിലീപ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. തന്റെ 147-ാം ചിത്രമായ ബാന്ദ്രയില്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ദിലീപ് വേഷമിടാന്‍ ഒരുങ്ങുന്നത്.

പുതിയ ഗെറ്റപ്പില്‍ ഗംഭീര ആക്ഷനുകളുമായാകും ദിലീപ് ബാന്ദ്രയില്‍ എത്തുക. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ഗാനവുമെല്ലാം പ്രേക്ഷകരെ തിയേറ്ററിലേക്ക് അടുപ്പിക്കാനുള്ള വക നല്‍കിക്കൊണ്ടാണ്. ദിലീപ് തന്നെ പറഞ്ഞ പോലെ ‘പടം കാണാന്‍ പോകുമ്പോള്‍ വൈറ്റ് പേപ്പര്‍ പോലെ മൈന്‍ഡ് എംറ്റി ആയിരിക്കണം’ എന്ന് മാത്രം.

അതേസമയം, നവംബര്‍ 10ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.