ധമാക്കയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി മില്ലേനിയം ഓഡിയോസ്; വിറ്റുപോയത് ഉയര്‍ന്ന തുകയ്ക്ക്

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ‘ധമാക്ക’ യുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി മില്ലേനിയം ഓഡിയോസ്. 25 ലക്ഷം രൂപയ്ക്കാണ് ധമാക്കയുടെ ഓഡിയോ റൈറ്റ്‌സ് മില്ലേനിയം ഓഡിയോസ് സ്വന്തമാക്കിയത്. ഒരു കൊച്ചു ചിത്രത്തിന് ലഭിക്കാവുന്ന ഉയര്‍ന്ന തുകയാണിതെന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.