'കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍'; മോഹന്‍ലാലിന്റെ മകള്‍ക്ക് എതിരെ അസഭ്യവര്‍ഷവും അശ്ലീല കമന്റുകളും

22 കിലോ ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ രൂപമാറ്റം വ്യക്തമാക്കുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ അസഭ്യവും അശ്ലീലതയും നിറഞ്ഞ സ്ത്രീവിരുദ്ധ കമന്റുകളാണ് പ്രചരിക്കുന്നത്.

“”കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍, അതിനിവള്‍ പെണ്ണാണോ””, “”പൈസ കൂടിപ്പോയതിന്റെ അഹങ്കാരം”” തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. വിസ്മയയുടെ പരിശീലകനെ കുറിച്ചും അശ്ലീല കമന്റുകളും നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ചു കൊണ്ടുള്ള മോശം കമന്റുകളുണ്ട്. ഈ സൈബര്‍ അതിക്രമത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതാണോ സാക്ഷര കേരളം എന്ന ചോദ്യവുമായാണ് ചിലര്‍ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്. ഏറെ നാളത്തെ പരിശീലത്തിന് ഒടുവിലാണ് തായ്‌ലന്‍ഡിലെ ആയോധനകല പരിശീലനം കൊണ്ട് 22 കിലോ ഭാരം കുറയ്ക്കാനായത് എന്നാണ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

വിസ്മയയുടെ കുറിപ്പ്:

ഫിറ്റ് കോഹ് തായ് ലാന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു.

കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു. ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ” മ്യു തായ്” പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ.

ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല.. എന്റെ പരിശീലകന്‍ ടോണി ഇല്ലാതെ എനിക്കിത് സാദ്ധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച പരിശീലകന്‍. ദിവസവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നല്‍കി. ഓരോ ഘട്ടത്തിലും എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാല്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു. ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്.

പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…