വിനോദ നികുതി ചുമത്തല്‍: സംസ്ഥാനത്ത് നാളെ സിനിമാ ബന്ദ്

സംസ്ഥാനത്ത് നവംബര്‍ 14 ന് സിനിമാ ബന്ദ്. വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാണവും വിതരണവും നിര്‍ത്തിവെച്ചു കൊണ്ടാണ് നാളെ സിനിമ സംഘടനകള്‍ സംയുക്തമായാണ് ബന്ദ് പ്രഖ്യാപിചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സൂചന ബന്ദ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താല്‍കാലിക സ്റ്റേ നല്‍കിയത്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം. ജി.എസ്.ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.