വിക്രം മുത്തച്ഛനായി, മകള്‍ അക്ഷിതയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രം മുത്തച്ഛനായി. വിക്രത്തിന്റെ മകള്‍ അക്ഷിതയ്ക്ക് കുഞ്ഞു പിറന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്ഷിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മനു രഞ്ജിത്ത് ആണ് അക്ഷിതയുടെ ഭര്‍ത്താവ്. 2017-ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ വെച്ചായിരുന്നു മനുവിന്റെയും അക്ഷിതയുടെയും വിവാഹം നടന്നത്. പിന്നാലെ വലിയ ആഘോഷമായി റിസപ്ഷനും ഒരുക്കിയിരുന്നു.

അതേസമയം, വിക്രത്തിന്റെ മകന്‍ ധ്രൂവ് സിനിമാരംഗത്ത് തന്റെ കരിയര്‍ തുടങ്ങിക്കഴിഞ്ഞു. വിജയ് ദേവരകൊണ്ട ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തെലുങ്കു റീമേക്ക് ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് ധ്രൂവ് അഭിനയരംഗത്തേക്ക് എത്തിയത്.

കോബ്ര ആണ് വിക്രത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, കര്‍ണന്‍ എന്നീ ചിത്രങ്ങളാണ് വിക്രത്തിന്റെതായി ഒരുങ്ങുന്നത്.