ഷൈന്‍ ടോം ചാക്കോയുടെ അനുജന്‍ നായകനാകുന്നു; 'ചിരി'യിലെ പ്രണയാര്‍ദ്രമായ ഗാനം പുറത്ത്

ഷൈന്‍ ടൊം ചാക്കോയുടെ അനുജന്‍ ജോ ജോണ്‍ ചാക്കോ നായകനാകുന്ന ചിത്രം “ചിരി”യിലെ ആദ്യ ഗാനം പുറത്ത്. പ്രിന്‍സ് ജോര്‍ജ് ഈണമിട്ട് ആലപിച്ച “നാണം തൂകും പെണ്ണ്” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാര്‍ ആണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രം പറയുന്നത്. ജോസഫ് പി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ദേവദാസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അനീഷ് ഗോപാല്‍, കെവിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങള്‍. ശ്രീജിത്ത് രവി, സുനില്‍ സുഗദ, ഹരികൃഷ്ണന്‍, രാജേഷ് പറവൂര്‍, വിശാല്‍, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരും അഭിനയിക്കുന്നു. ജിന്‍സ് വില്‍സണ്‍ ആണ് ഛായാഗ്രഹണം. ജാസി ഗിഫ്റ്റ് ആണ് സംഗീതമൊരുക്കുന്നത്.