ചുരുക്കി പറഞ്ഞാൽ, സിനിമ പ്രദർശനയോഗ്യമാണോ എന്നു നോക്കി സർട്ടിഫിക്കറ്റ് നൽകേണ്ട ജോലിയുള്ള സിബിഎഫ്സി അതായത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ… എവിടെ മുറിച്ചുനീക്കാം എന്നു നോക്കിനിൽക്കുന്ന സ്ഥാപനമായി മാറി… ഇത് ഞാൻ പറഞ്ഞതല്ലാട്ടോ പ്രശസ്ത സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ്. ഒന്ന് നോക്കിയാൽ കാണുന്നവർക്ക് ഇത് സത്യമാണെന്ന് പറയേണ്ടി വരും. സമീപകാലത്തായി മലയാള സിനിമയിൽ സെൻസർ ബോർഡ് വരുത്തുന്ന കട്ടുകളും മാറ്റങ്ങളും വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. അത്തരത്തിലാണ് സെൻസർ ബോർഡിന്റെ നടപടി. ഈ അടുത്തിടെയായി മലയാള സിനിമയിൽ കട്ടോടു കട്ടുകളാണ്. മുൻപും സിനിമയിൽ കട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഇത് വലിയ രീതിയിൽ കൂടിയിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ. അതായത് ജാനകിയിൽ തുടങ്ങി ഇപ്പോൾ സീത വരെ എത്തി നിൽക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ മൗലിക അവകാശങ്ങളിൽ എഴുതിച്ചേർത്ത ആവിഷ്കാര സ്വാതന്ത്ര്യം എന്നുണ്ട്. എന്നാൽ ഇതിനെയൊക്കെ കട്ടിൽ പറത്തിയ ചില വിചിത്ര കാരണങ്ങളാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകാനായി സിനിമയിൽ നിന്നും എടുത്ത് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്. സിനിമയിലെ നായികയുടെ പേര്, അല്ലെങ്കിൽ ബിരിയാണി കഴിക്കുന്ന രംഗം, ചില സംഭാഷണങ്ങൾ അങ്ങനെ അങ്ങനെ പോകുന്നു. എന്നാൽ പ്രധാനമായും സംഘപരിവാറിനെ കുറിച്ചുള്ള പരാമർശങ്ങളോ സീനുകളോ ഒക്കെ ആണ് സെൻസർ ബോർഡ് വെട്ടുന്നത്.
നടി അനുപമാ പരമേശ്വരൻ നായികയായി വേഷമിട്ട സുരേഷ് ഗോപി ചിത്രം ജാനകി ws സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ ജാനകി എന്ന പേരിന് സെൻസർ ബോർഡ് മ്യൂട്ട് അടിച്ചിരുന്നു. സിനിമയിലെ നായികയുടെ പേര് ജാനകി ആണെന്നതും, അത് ശ്രീരാമൻ്റെ ഭാര്യയായ സീതയുടെ മറ്റൊരു പേരുമാണെന്നതും ഹിന്ദു മതവിശ്വാസികളെ അപമാനിക്കുമെന്നും കാണിച്ചായിരുന്നു സെൻസർ ബോർഡ് നടപടി. പ്രത്യേകിച്ച് പൊലീസ് അതിക്രമത്തിനെതിരെയും സർക്കാർ അധികാരത്തെ വിമർശിക്കുന്നതുമായ ഒരു സിനിമയിൽ ഈ പേര് ഉപയോഗിച്ചതാണ് ബോർഡിന്റെ പ്രധാന പരാതി. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അടക്കം രംഗത്തെത്തി. പിന്നാലെ ജാനകി വിവാദം ഉടലെടുത്തു. സെൻസർ ബോർഡിന്റെ നടപടി വിചിത്രമാണെന്നായിരുന്നു പലരുടെയും വാദം. സെൻസർ ബോർഡിൻറെ നടപടി നിയമവിരുദ്ധമാണെന്നും, ആവിഷ്ക്കാര സ്വാതന്ത്യ്രത്തിൻ്റെ മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് ചലച്ചിത്ര നിർമാതാക്കൾ കേരള ഹൈക്കോടതിയെ സമീപിച്ചു. അന്ന് ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ ജാനകി വിവാദം, മതപരമായ ചിഹ്നങ്ങൾ അടങ്ങിയ പേരുകൾ കൽപ്പനാത്മക കഥാപാത്രങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമോ എന്ന വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. എന്നാൽ ജാനകിക്ക് മുൻപ് എമ്പുരാൻ എന്ന ചിത്രത്തിനും സെൻസർ ബോർഡ് സെൻസറിങ് ഏർപ്പെടുത്തിയിരുന്നു. രണ്ടുഭാഗങ്ങൾക്കാണ് സെൻസർ ബോർഡ് ‘കട്ട്’ നിർദേശിച്ചത്.
ഈ വിവാദം കെട്ടടങ്ങിയിട്ട് അധികമായില്ല. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രം ഹാലിന് പൂട്ടിട്ട് സെൻസർ ബോർഡ് വീണ്ടും എത്തി. സിനിമയിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യാതെ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നൽകില്ലെന്നാണ് സെൻസർ ബോർഡ് അറിയിച്ചത്. ജാനകി പോലെയല്ല ഈ സിനിമക്ക് മറ്റൊരു രീതിയിലാണ് വിലക്ക് വീണത്. അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാൽ… ഹാൽ സിനിമയിൽ നിന്ന് രാഖി, ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങിയ ഡയലോഗുകൾ നീക്കം ചെയ്യണമത്രേ. 15 സീനുകളിലാണ് മാറ്റം വരുത്താൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്.
ഹാലിന് പിന്നാലെ തന്നെയാണ് ‘പ്രൈവറ്റ്’ സിനിമയ്ക്കും സെൻസർ ബോർഡിന്റെ വെട്ട് വീണത്. നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്ത ചിത്രം ‘ഇടതുപക്ഷ തീവ്രവാദം’ പ്രചരിപ്പിക്കുന്നു എന്ന ആരോപണമുയർത്തിയാണ് സെൻസർ ബോർഡ് കട്ട് നിർദ്ദേശിച്ചത്. അപ്പിലുമായി മുന്നോട്ട് പോയതിന് ശേഷമാണ് ഒമ്പത് മാറ്റങ്ങളോടെ ‘പ്രൈവറ്റ്’ തിയേറ്ററുകളിൽ എത്തിയത്. ആദ്യം ആഗസ്ത് ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസ് വൈകുകയായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് യുവ നടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമായ അവിഹിതത്തിനും സെൻസർ ബോർഡ് കട്ടിടുന്നത്. ചിത്രത്തിൽ ‘സീത’ എന്ന നായികയുടെ പേര് ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശം. അവിഹിതത്തിൽ നിന്നും ‘നീയും നിൻ്റെ സീതയും തമ്മിലുള്ള’ എന്ന് പറയുന്ന ഭാഗമാണ് സെൻസർ ബോർഡ് ഒഴിവാക്കിയിരിക്കുന്നത്.
ഇവിടെയാണ് സംവിധായകൻ സിബി മലയിലിന്റെ വാക്കുകൾ ശ്രദ്ധനേടുന്നത്. സിനിമ പ്രദർശനയോഗ്യമാണോ എന്നു നോക്കി സർട്ടിഫിക്കറ്റ് നൽകേണ്ട ജോലിയുള്ള സിബിഎഫ്സി എവിടെ മുറിച്ചുനീക്കാം എന്നു നോക്കിനിൽക്കുന്ന സ്ഥാപനമായി മാറി. ഇത് സെൻസർ ബോർഡ് അല്ലെ ന്നും ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ആണെന്നത് ഓർക്കണമെന്നും സിബിൻ മലയിൽ ഓർമിപ്പിക്കുന്നു. സംഘപരിവവർ പരാമർശമുള്ള അല്ലെങ്കിൽ ആ ആശയത്തെ എതിർക്കുന്ന ഭാഗങ്ങൾ മാത്രമാണ് സിനിമയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത്. ഏതൊക്കെ വാക്കുകൾ സിനിമയിൽ ഉപയോഗിക്കാം, ഉപയോഗിക്കരുത് എന്നതു സംബന്ധിച്ച് ഒരു നിർദേശവും നിലവിലില്ലാത്ത സാഹചര്യത്തിൽ സർട്ടിഫിക്കേഷൻ ബോർഡിൽ ഇരിക്കുന്നവരുടെ അമിതമായ യജമാനഭക്തിയാകും ഇത്തരം നീക്കങ്ങൾക്ക് കാരണമെന്ന് കണക്കാക്കേണ്ടി വരും.







