'ഭ്രമയുഗം' ഒ.ടി.ടിക്ക് വിറ്റത് റെക്കോഡ് തുകയ്ക്ക്? പ്രതികരിച്ച് നിര്‍മ്മാതാവ്

‘ഭ്രമയുഗം’ തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോഴും ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് വാങ്ങിയത്. വന്‍ തുകയ്ക്കാണ് സോണി ലിവ് ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങിയത് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിവരങ്ങള്‍.

ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനൊപ്പമാണ് ഒ.ടി.ടി റൈറ്റ്‌സ് തുക സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടന്നത്. ഒ.ടി.ടി അവകാശം വിറ്റ വകയില്‍ സോണി ലിവില്‍ നിന്ന് മാത്രം ചിത്രം നേടിയത് 30 കോടി ആണെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍.

ഈ റിപ്പോര്‍ട്ടിനോട് ചിത്രത്തിന്റെ നിര്‍മ്മാതാവായ ചക്രവര്‍ത്തി രാമചന്ദ്ര തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. 30 കോടിക്കാണ് ഒ.ടി.ടി റൈറ്റ്‌സ് വിറ്റത് എന്ന എക്‌സ് പോസ്റ്റിന് മറുപടിയുമായാണ് ചക്രവര്‍ത്തി രാമചന്ദ്ര രംഗത്തെത്തിയത്. ഈ വാര്‍ത്ത സത്യമല്ല എന്നാണ് നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്നത്.

”ഈ വിവരം ഒട്ടും ശരിയല്ല. സിനിമ ആസ്വദിക്കുക. അതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിഭാധനരെ അഭിനന്ദിക്കുക” എന്നാണ് ചക്രവര്‍ത്തി രാമചന്ദ്ര കുറിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ബജറ്റും നിര്‍മ്മാതാവ് വെളിപ്പെടുത്തിയത് ഇത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ആയിരുന്നു.

Read more

27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു നിര്‍മ്മാതാവ് വ്യക്തമാക്കിയത്. അതേസമയം, ചിത്രം 35 കോടിക്കടുത്ത് കളക്ഷന്‍ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെയും അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.