ഫിയോക് നിലപാട് പുനഃപരിശോധിക്കണം, ഇത് മലയാള സിനിമാസ്വാദകരോട് കാട്ടുന്ന അവഹേളനം: ഫെഫ്ക

ഫെബ്രുവരി 23 മുതല്‍ ഫിയോക് നടത്താനിരിക്കുന്ന സമരം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഫെഫ്ക. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഫെഫ്ക വാര്‍ത്താക്കുറിപ്പ് ഇറക്കി.

ഫെബ്രുവരി 22 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നായിരുന്നു ആദ്യം ഫെഫ്ക എടുത്ത തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഈ സമരം 23ലേക്ക് മാറ്റിയിട്ടുണ്ട്. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഫിയോക് പറയുന്നു.

പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുന്‍പ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം. 42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒ.ടി.ടിയില്‍ ഇറക്കുന്നു തുടങ്ങിയവയാണ് തിയേറ്റര്‍ ഉടമകളുടെ പരാതി.

നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഫിയോക് വ്യക്തമാക്കി. എന്നാല്‍ നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ഡോണ്‍ പാലാത്തറയുടെ ‘ഫാമിലി’ എന്നീ സിനിമകള്‍ ഫെബ്രുവരി 22ന് റിലീസ് ചെയ്യും. ‘വണ്‍സ് അപ്പോണ്‍ എ ടൈം’ എന്ന നാദിര്‍ഷ ചിത്രം ഫിയോക്കിന്റെ സമരത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.