ആരാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് അറിയില്ല..; ആരോപണങ്ങള്‍ പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

ഓസ്‌കര്‍ നേടിയ ‘എലിഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ക്കും സംവിധായികയ്ക്കും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് ആനപരിപാലകരായ ബെല്ലിയും ബൊമ്മനും. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ബൊമ്മനും ബെല്ലിയും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു എന്നായിരുന്നു വിവരം.

എന്നാല്‍ ബൊമ്മന്‍ ആരോപണങ്ങള്‍ പിന്‍വലിച്ചു എന്നാണ് വിവരം. ആരാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് തനിക്ക് അറിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ കേസ് പിന്‍വലിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ബൊമ്മന്‍ പറഞ്ഞു. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.

ആരാണ് വക്കീലെന്നോ, വക്കീല്‍ നോട്ടീസ് അയച്ചത് ആരാണെന്നോ അറിയില്ല. തന്റെ പക്കല്‍ തെളിവുകളൊന്നുമില്ല. കാര്‍ത്തികി നന്നായി സംസാരിച്ചു, അവര്‍ തന്നെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് ബൊമ്മന്റെ മറുപടി എന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഡോക്യുമെന്ററി ചെയ്യുമ്പോള്‍ ഒരു സീന്‍ എടുക്കാന്‍ പണമില്ലാതെ നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ടിയിരുന്നു. അപ്പോള്‍ കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി ബെല്ലി കരുതിവച്ച ഒരു ലക്ഷം രൂപ നല്‍കി സഹായിച്ചു. എന്നാല്‍ ആ പണം തിരികെ തന്നില്ല എന്നായിരുന്നു ബൊമ്മനും ബെല്ലിയും ഉയര്‍ത്തിയ ആരോപണം.

ഓസ്‌കര്‍ പുരസ്‌കാരനേട്ടത്തിന് ശേഷം പോലും പ്രതിഫലമായി ഒന്നും ലഭിച്ചില്ല. നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസിനെ സമീപിച്ചെങ്കിലും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞത്. ഈ ആരോപണം സംവിധായിക നിഷേധിക്കുകയും ചെയ്തിരുന്നു.