പതിനാറുകാരിയായ പാഞ്ചാലി സിനിമയില്‍ എത്തിയിട്ട് 42 വര്‍ഷം; രാധിക ശരത്കുമാറിന് ആശംസകളുമായി സംവിധായകന്‍ ഭാരതിരാജ

സിനിമയില്‍ 42 വര്‍ഷം പൂര്‍ത്തിയാക്കിയ തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാറിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഭാരതിരാജ. 1978-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത “കിഴക്കേ പോകും റെയ്ല്‍” എന്ന സിനിമയിലൂടെയാണ് പതിനാറാം വയസില്‍ രാധിക അഭിനയരംഗത്തേക്ക് എത്തുന്നത്.

“എന്റെ പ്രിയപ്പെട്ട തമിഴരേ…പാഞ്ചാലി എന്ന് പേരുള്ള ഒരു പതിനാറ് വയസുകാരിയെ കിഴക്കേ പോകം റെയ്‌ലില്‍ എനിക്ക് ലഭിച്ചു. അവളുടെ യാത്രയ്ക്ക് അന്ന് കൊടി പറത്തി..42 വര്‍ഷമായിരിക്കുന്നു, ഇന്നും ആ യാത്ര അവസാനിച്ചിട്ടില്ല..”” എന്നാണ് രാധികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാരതിരാജ ട്വീറ്റ് ചെയ്തത്. സംവിധായകന്റെ ആശംസകള്‍ക്ക് രാധിക മറുപടിയും നല്‍കി.

“ഇതിലും മികച്ചത് എനിക്ക് സംഭവിക്കാനില്ല. ഞാനിന്ന് എന്താണോ അതെല്ലാം താങ്കള്‍ കാരണമാണ്. താങ്കളുടെ അനുഗ്രഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പുരുഷമേധാവിത്വമുള്ള മേഖലയില്‍, സ്ത്രീയുടെ നേട്ടങ്ങള്‍ ആഘോഷിക്കാത്ത സമകാലികരുടെ ഇടയില്‍ താങ്കളുടെ വാക്കുകള്‍ സാധാരണയിലും ഉയരെയാണ്..എന്നത്തേയും പോലെ..”” എന്നാണ് രാധികയുടെ മറുപടി.

നിരവധി സിനിമകളില്‍ നായികയായും അമ്മ വേഷങ്ങളിലും തിളങ്ങിയ താരമാണ് രാധിക. പൂന്തോട്ട കാവല്‍ക്കാരന്‍, നിനൈവു ചിന്നം, പസുംപോന്‍, റാണി മഹാറാണി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.