ചാക്കോ മാഷിന്റെ ഊരുതെണ്ടിയായ ഓട്ടക്കാലണ, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന 'ആടുതോമ'; ട്രെന്‍ഡ് സെറ്റര്‍ 'സ്ഫടികം' വീണ്ടും വരുമ്പോള്‍...

27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഒരു സിനിമയ്ക്കും അതിലെ കഥാപാത്രങ്ങള്‍ക്കും ഇന്നും പ്രേക്ഷകര്‍ നല്‍കുന്ന സ്വീകാര്യതയും അത് ഉണ്ടാക്കുന്ന ട്രെന്‍ഡും ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ അംഗീകാരമാണ്. ഭദ്രന്‍ എന്ന സംവിധായകന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം എത്തുക ആട് തോമയുടെയും, കടുവ ചാക്കോ മാഷിന്റെയും കഥ പറഞ്ഞ സ്ഫടികം തന്നെയാണ്. ഉലയില്‍ ഇട്ട് ഊതി മിനുക്കി എടുക്കേണ്ട ഒരുപാട് കഴിവുകളുള്ള മകനെ, ചെകുത്താനാക്കി മാറ്റിയ അച്ഛന്റെ കഥ പറഞ്ഞ സ്ഫടികം.

കരിങ്കല്ലുകള്‍ക്കിടയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നായകന്‍, തക്കം പാര്‍ത്തിരിക്കുന്ന ഒരു കഴുകന്‍, ഒരുകൂട്ടം ആടുകളെ തെളിച്ചു വരുന്നൊരു ആട്ടിടയന്‍, ആടുകളുടെ ശബ്ദം കേള്‍ക്കുന്നതോടെ ഉണരുന്ന നായകന്‍, അവയില്‍ നിന്നും മുട്ടനാടിനെ കൊന്ന് ചങ്കിലെ ചോരകുടിച്ച് ശക്തി നേടി നായകന്‍ ഓടുകയാണ്, കൊച്ചീന്ന് ആളെയിറക്കി തന്നെ തല്ലിച്ച പൂക്കോയിയെ തല്ലാന്‍, മലയാള സിനിമയില്‍ മാസ് കാ ബാപ്പായി അവതരിച്ച ആടുതോമയുടെ ഇന്‍ട്രോ ഇങ്ങനെയായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭദ്രന്റെ മാസ്റ്റര്‍പീസ് എന്നു തന്നെ വിളിക്കാവുന്ന ചിത്രമാണ് സ്ഫടികം.

സ്ഫടിക'ത്തിലെ കടുവേ വിളിയ്ക്ക് പിറകിൽ; ആടുതോമയുടെ മൈനയ്ക്ക് ശബ്ദം നൽകിയത് ഈ  സംവിധായകൻ | Indian Express Malayalam

നാട്ടുകാര്‍ക്ക് മുമ്പില്‍ മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ, കൂട്ടുകാര്‍ക്ക് ചങ്ക് കൊടുക്കുന്നവന്‍ എന്നാല്‍ അച്ഛന്‍ ചാക്കോ മാഷിന് കണക്കിലും കണക്കുകൂട്ടലിലും ഒരു പോലെ പിഴച്ച ഊരുതെണ്ടിയായ ഓട്ടക്കാലണ. ഭൂഗോളത്തിന്റെ സ്പന്ദനമാണ് മാത്തമാറ്റിക്സ് എന്ന് വിശ്വസിക്കുകയും അത് തല്ലിപ്പഠിപ്പിക്കുകയും ചെയ്ത ചാക്കോ മാഷിനെ ഒടുവില്‍ ജീവിതത്തിന്റെ ഗണിതശാസ്ത്രം പഠിപ്പിച്ചെടുക്കാന്‍ ആ ഒന്നരച്ചക്രത്തിന്റെ ഗുണ്ട വേണ്ടി വന്നു. മീശ പിരിച്ചും മുണ്ട് മടക്കിക്കുത്തിയും ആഘോഷിക്കപ്പെട്ട പല മോഹന്‍ലാല്‍ കഥാപാത്രങ്ങളിലുമുള്ള അതിഭാവുകത്വവും അതിനായകത്വവും അകലെ നില്‍ക്കുന്ന കഥാപാത്ര സൃഷ്ടിയാണ് തോമസ് ചാക്കോ എന്ന ആടുതോമ. അവതരണത്തിലും കഥാപാത്ര സൃഷ്ടിയിലുമെല്ലാം റിയലിസ്റ്റിക് ഫീല്‍ സമ്മാനിച്ച സിനിമ.

പാരന്റിങ് എന്ന കോണ്‍സെപ്ടിനെ ഇത്രയും മനോഹരമായി കാണിച്ച സ്ഫടികം പോലൊരു മലയാള സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിലെ ലക്ഷണമൊത്ത ഈ ക്ലാസ്സിക്ക് മാസ്സ് മൂവി സമ്മാനിച്ച ഭദ്രന്‍ എന്ന സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വ്യത്യസ്തതക്ക് ശ്രമിച്ചിട്ടുള്ളതായി കാണാം. 1995ല്‍ ആണ് മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രം ആടുതോമയുടെ ജനനം. മോഹന്‍ലാലിന്റെ തിയേറ്റര്‍ ഇളക്കി മറിച്ചുള്ള പ്രകടനം… ഭദ്രന്റെ കഥയ്ക്ക് ഡയലോഗുകള്‍ സമ്മാനിച്ചത് രാജേന്ദ്ര ബാബുവായിരുന്നു. ഉര്‍വ്വശി, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

Spadikam': 23 years on, this Mohanlal film remains a favourite Malayalam  action flick | The News Minute

ഡയലോഗുകള്‍ പോലെ തന്നെ സിനിമയിലെ ഗാനങ്ങളും വളരെ ശ്രദ്ധേയമായിരുന്നു. സില്‍ക്ക് സ്മിതയും മോഹന്‍ലാലും ഒരുമിച്ചുള്ള ഏഴിമല പൂഞ്ചോല എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. സ്ഫടികത്തിലെ പ്രടകനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു.

മോഹന്‍ലാലിന്റെ മുണ്ടു പറിച്ചടിയും തീപ്പൊരി ഡയലോഗും മഹാനടന്‍ തിലകന്റെ അത്യുഗ്രന്‍ പ്രകടനവും വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ അവസരം ലഭിക്കുകയാണ്. ”ആടുതോമയ്ക്ക് സര്‍വ്വമാന ‘പത്രാസോടെ’ ഡോള്‍ബി 4കെ അറ്റ്‌മോസ് ഫൈനല്‍ മിക്‌സ് പൂര്‍ത്തിയായിരിക്കുകയാണ്. ആടുതോമയെ സ്‌നേഹിച്ച നിങ്ങള്‍ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് ഇതിലെ ഓരോ വൗ ഫാക്ടേഴ്‌സും..” സംവിധായകന്‍ ഭദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണിത്. എന്തായാലും സിനിമാസ്വാദകര്‍ക്ക് ആഘോഷിക്കാനുള്ള വക എത്തിപ്പോയി.