സ്ഫടികത്തിലെ കഥാപാത്രങ്ങളെ വികലമാക്കി; രണ്ടാം ഭാഗത്തിനെതിരെ പോലീസ് കേസെടുത്തു

സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന് അവകാശപ്പെട്ട് ടീസര്‍ പുറത്തിറക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. സ്ഫടികം സംവിധായകന്‍ ഭദ്രന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് ടീസര്‍ പുറത്തുവിട്ട ഏഴാച്ചേരി സ്വദേശി കടയ്ക്കല്‍ ബിജുവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്.

യൂട്യൂബില്‍ ഇദ്ദേഹം പ്രചരിപ്പിച്ച ടീസര്‍ പഴയ സ്ഫടികത്തിലെ കഥാപാത്രങ്ങളെ തികച്ചും വികലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെയോ അനുവാദമില്ലാതെയാണ് രണ്ടാം പതിപ്പിന്റെ പ്രചാരണം നടത്തിയതും ടീസര്‍ പുറത്തുവിട്ടതും.

സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ പകര്‍പ്പവകാശ നിയമപ്രകാരമാണ് സംവിധായകന്‍ ഭദ്രന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.