മലയാളികൾ ട്രോളുകളിലൂടെ പരിചിതമായ താരമാണ് നന്ദമൂരി ബാലകൃഷണ. പൊതുവിടങ്ങളിലെ താരത്തിന്റെ പെരുമാറ്റം വിമർശനങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി തൊട്ടതെല്ലാം പൊന്നാക്കുകയാണ് താരം. ഇപ്പോഴിതാ ബാലയ്യ തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയെന്ന അപ്ഡേറ്റ് ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
12 കോടി മുതൽ 18 കോടി വരെയാണ് നിലവിൽ ഓരോ സിനിമയ്ക്കും ബാലയ്യ വാങ്ങുന്നത്. എന്നാൽ തന്റെ അടുത്ത ചിത്രത്തിന് താരം വാങ്ങാൻ പോകുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘അഖണ്ഡ 2’ എന്ന പുതിയ ചിത്രത്തിന് 35 കോടിയാണ് ബാലയ്യ വാങ്ങുന്നത്.
‘അഖണ്ഡ 2’ന് പിന്നാലെ ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ 45 കോടിയാണ് ബാലയ്യ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഗ്രേറ്റ് ആന്ധ്ര.കോം റിപ്പോർട്ട് ചെയ്യുന്നത്. ബാലയ്യയുടെ സിനിമകൾ തുടർച്ചയായി 100 കോടി നേടുന്നതുകൊണ്ടാണ് നടൻ പ്രതിഫലം ഉയർത്തിയത് എന്നാണ് റിപോർട്ടുകൾ.








