കോട്ടയം കുഞ്ഞച്ചനില്‍ ബോസ്‌കോ, ഷൈലോക്കില്‍ ബാലകൃഷ്ണ പണിക്കര്‍; അന്നും ഇന്നും മമ്മൂട്ടിയ്‌ക്കൊപ്പം ബൈജു സന്തോഷ്

ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. അടുത്തിടെ ഇറങ്ങുന്ന പ്രമുഖ ചിത്രങ്ങളിലെല്ലാം തന്നെ ബൈജുവിന്റെ സാന്നിധ്യമുണ്ട്. ഇവയില്‍ മിക്കതും ഏറെ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. ലൂസിഫറിലെ റോള്‍ ഇതില്‍ എടുത്തു പറയേണ്ടതാണ്. കുറഞ്ഞ ഡയലോഗുകളില്‍ പോലും കൈയടി വാങ്ങുന്ന നടന്‍. ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന അജയ് വാസുദേവ് ചിത്രം ഷൈലോക്കിലും ശ്രദ്ധേയമായ വേഷത്തില്‍ ബൈജു എത്തുകയാണ്. അതും മമ്മൂട്ടിയുടെ സന്തത സഹചാരി ആയ ബാലകൃഷ്ണ പണിക്കര്‍ എന്ന കഥാപാത്രമായി.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ വലംകൈയായി ബൈജു എത്തിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു മികച്ച ചിത്രമാണ്, കോട്ടയം കുഞ്ഞച്ചന്‍. 1990 ല്‍ ഇറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ സന്തത സഹചാരി ആയ ബോസ്‌കോ എന്ന കഥാപാത്രമായാണ് ബൈജു എത്തിയത്. ആ വര്‍ഷത്തെ മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളില്‍ ഒന്നായി കോട്ടയം കുഞ്ഞച്ചന്‍. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല.

മാസ്സ് എന്നു പറഞ്ഞാല്‍ വേറെ ലെവല്‍ മാസ്സ് ആണ് ഷൈലോക്കെന്നാണ് ബൈജു പറയുന്നത്. മമ്മുക്കക്കും തനിക്കും ഒക്കെ അഴിഞ്ഞാടാന്‍ പറ്റിയ ഒരു ഐറ്റം ആണ് പടമെന്നും ബൈജു പറയുന്നു. ബിബിന്‍ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഷൈലോക്ക്. തമിഴ് സീനിയര്‍ താരം രാജ് കിരണ്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മീനയാണ് നായിക. ഗുഡ്വില്‍ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം 23 ന് ചിത്രം തിയേറ്ററുകളിലെത്തും.