'സിംഹത്തിന് പല്ലുണ്ടെങ്കില്‍ അത് പുറത്ത് കാണിച്ചെന്നിരിക്കും'; അശോകസ്തംഭ വിവാദത്തില്‍ അനുപം ഖേര്‍

പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭം വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റമാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ അനുപം ഖേര്‍.

‘സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിച്ചെന്നുവരും. എല്ലാത്തിനും ഉപരി, ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണ്- അനുപം ഖേര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രധാന മന്ത്രി മ്യൂസിയത്തില്‍ നിന്നെടുത്ത വിഡിയോയ്ക്കൊപ്പമാണ് ട്വീറ്റ്. ട്വീറ്റിനൊപ്പം പ്രധാനമന്ത്രി സന്‍ഗ്രഹാലയയിലെ അശോകസ്തംഭത്തിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. അതേസമയം, പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ അനാച്ഛാദനം ചെയ്ത അശോക ചിഹ്നം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നു.

യഥാര്‍ഥ ദേശീയ ചിഹ്നത്തില്‍ സിംഹങ്ങള്‍ക്കുള്ള ഭാവമല്ല പാര്‍ലിമെന്റ് മന്ദിരത്തില്‍ നിര്‍മിച്ചിരിക്കുന്നതിന് എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശില്‍പം ഉടന്‍ തന്നെ മാറ്റണമെന്നാണ് ആവശ്യം. ആറര മീറ്റര്‍ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ അശോക സ്തംഭമാണ് പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത്.