ചാക്കോച്ചന്റെ കരിയറിലേക്ക് മറ്റൊരു പൊന്‍തൂവല്‍; ന്നാ താന്‍ കേസ് കൊട് ഒരാഴ്ച്ച കൊണ്ട് 25 കോടി

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് നേടിയത് 25 കോടിയാണ്. നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയാണ് ബോക്‌സ്ഓഫിസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമയുടെ സംവിധാനം. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞ സിനിമ ആദ്യദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. കോഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ‘ന്നാ താന്‍ കേസ് കൊട്’ നിര്‍മിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ മികച്ച സിനിമകള്‍ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയുടെ പന്ത്രാണ്ടാമത് ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താന്‍ കേസ് കൊട്’.

രാകേഷ് ഹരിദാസാണ് (ഷെര്‍ണി ഫെയിം) ഛായാഗ്രാഹകന്‍. മനോജ് കണ്ണോത്ത് എഡിറ്റര്‍. ജ്യോതിഷ് ശങ്കര്‍ ആര്‍ട്ട് ഡയറക്ടറും മെല്‍വി ജെ. കോസ്റ്റ്യൂം ഡിസൈനറുമാണ്. സംഗീതം ഡോണ്‍ വിന്‍സന്റ്. ഗാനരചന വൈശാഖ് സുഗുണന്‍. സൗണ്ട് ഡിസൈനര്‍ ശ്രീജിത്ത് ശ്രീനിവാസന്‍, മിക്‌സിങ് വിപിന്‍ നായര്‍. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിങ് ഡയറക്ടര്‍ രാജേഷ് മാധവന്‍. ഗായത്രി ശങ്കര്‍ (സൂപ്പര്‍ ഡീലക്‌സ് ഫെയിം) നായികയാവുന്ന ചിത്രത്തില്‍ കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ബേസില്‍ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണന്‍, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.