അങ്ങനെയൊന്നും അല്ലഡാ... ആനന്ദ് മഹീന്ദ്രയെ 'നാട്ടു നാട്ടു' സ്റ്റെപ്പ് പഠിപ്പിച്ച് രാം ചരണ്‍

നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം. നാട്ടു നാട്ടു ട്രെന്‍ഡില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്രയും ഇപ്പോള്‍. ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ആര്‍ആര്‍ആര്‍ താരം രാംചരണില്‍ നിന്നാണ് നാട്ടു നാട്ടുവിന്റെ ചുവടുകള്‍ പഠിക്കുന്ന ആനന്ദ് മഹീന്ദ്രയെ വീഡിയോയില്‍ കാണാം. മഹീന്ദ്ര ഗ്രൂപ്പിന്റെ ജെനറേഷന്‍ 3 ഫോര്‍മുല ഇ കാറിന്റെ ലോഞ്ചിനോട് അനുബന്ധിച്ചാണ് ആനന്ദ് മഹീന്ദ്രയും രാം ചരണും കണ്ടുമുട്ടിയത്.

‘രാം ചരണില്‍ നിന്നും നാട്ടു നാട്ടു ഗാനത്തിന്റെ അടിസ്ഥാന ചുവടുകള്‍ പഠിച്ചു. നന്ദി. ഓസ്‌കര്‍ നേടട്ടെ പ്രിയ സുഹൃത്തേ’ എന്നാണ് വീഡിയോക്കൊപ്പം ആനന്ദ് മഹീന്ദ്ര കുറിച്ചിരുന്നു. ആനന്ദ് മഹീന്ദ്രയുടെ ആശംസകള്‍ക്ക് രാം ചരണ്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

‘ആനന്ദ് മഹീന്ദ്ര ജീ, എന്നേക്കാള്‍ വേഗത്തില്‍ താങ്കള്‍ ചുവടുകള്‍ പഠിച്ചു. രസകരമായ സംവാദമായിരുന്നു. ആര്‍ആര്‍ആര്‍ ടീമിനുള്ള താങ്കളുടെ ആശംസകള്‍ക്ക് നന്ദി’ എന്നാണ് രാം ചരണ്‍ ട്വീറ്റ് ചെയ്തത്. അതേസമയം, 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയില്‍ എത്തിച്ചത്.

‘സ്ലംഡോഗ് മില്യണര്‍’ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാന്‍ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. എം എം കീരവാണിയാണ് ആര്‍ആര്‍ആറിലെ ഗാനങ്ങള്‍ ഒരുക്കിയത്. 1150 കോടിയാണ് ചിത്രം ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയത്.