'അമ്മ' യോഗം വിളിച്ചിട്ടില്ല, വാര്‍ത്തകള്‍ വ്യാജം; സ്ഥിരീരിച്ച് മോഹന്‍ലാലിന് അടുത്ത വൃത്തങ്ങള്‍

‘അമ്മ’ സംഘടനയുടെ താല്‍ക്കാലിക സമിതി യോഗം വിളിച്ചിട്ടില്ലെന്ന് സംഘടനാ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ട്വന്റിഫോറിനോട് സ്ഥിരീകരിച്ചു. വാര്‍ത്ത തെറ്റെന്ന് അഡ്ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു.

യോഗത്തിനെ കുറിച്ച് തനിക്ക് ഒരു അറിവും ഇല്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്. ജനറല്‍ ബോഡി നയം തീരുമാനിക്കാന്‍ നാളെ അമ്മയുടെ അടിയന്തര യോഗം മോഹന്‍ലാല്‍ വിളിച്ചു എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. യോഗത്തിനായി ആലോചന പോലുമില്ലെന്നും സമീപഭാവിയിലും യോഗം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അഡ്ഹോക് കമ്മിറ്റി അറിയിച്ചു.

ഓണ്‍ലൈന്‍ വഴിയാകും യോഗം ചേരുക എന്നും താല്‍ക്കാലിക സമിതി യോഗം വിളിച്ചതായി നടന്‍ വിനു മോഹന്‍ അറിയിച്ചു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാദങ്ങള്‍ കനക്കുമ്പോള്‍ നിലവിലെ ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്.

ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത് എന്നാണ് സൂചന. അതേസമയം പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി ഈ യോഗത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവച്ചതോടെ പിന്നാലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. താല്‍ക്കാലിക സമിതി തുടരുമെന്നാണ് അന്ന് അമ്മയിലെ അംഗങ്ങള്‍ അറിയിച്ചത്.

Read more