ഒരു അനാദരവും തോന്നിയിട്ടില്ല, വികാരങ്ങള്‍ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുന്നു; വിവാദത്തില്‍ പ്രതികരിച്ച് അമിതാഭ് ബച്ചന്‍

ശിവജി വിവാദത്തില്‍ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍. കോന്‍ ബനേഗ ക്രോര്‍പ്പതിയുടെ 11ാം അധ്യായത്തിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. ഛത്രപതി ശിവജിയുടെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ബച്ചനൊപ്പം ഷോയുടെ നിര്‍മാതാവ് സിദ്ധാര്‍ഥ് ബസുവും ക്ഷമ പറഞ്ഞു.

ഒരു അനാദരവും തോന്നിയിട്ടില്ലെന്നും വികാരങ്ങള്‍ വ്രണപ്പെടുത്തിയതായി കരുതുന്നുവെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ പറയുന്നവരില്‍ ആരാണ് മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ സമകാലികന്‍, എന്നായിരുന്നു ചോദ്യം. നാല് പേരുകളും ബച്ചന്‍ പറഞ്ഞു. എ- മഹാറാണ പ്രതാപ്, ബി- റാണ സംഗ, സി- മഹാരാജ രഞ്ജിത് സിങ് എന്നിവര്‍ക്കൊപ്പം അവസാനമായി ഛത്രപതി ശിവജി മഹാരാജ് എന്ന പേരും ഉത്തരമായി നല്‍കിയത്. ആദ്യ മൂന്ന് പേരുകളും മുഴുവന്‍ പറഞ്ഞ ബച്ചന്‍ ഛത്രപതി ശിവജി മഹാരാജ് എന്നതിന് പകരം ശിവജി എന്ന് മാത്രമാണ് പറഞ്ഞത്.

ഇതോടെയാണ് വിഷയം വിവാദമായി മാറിയത്. മഹാരാഷ്ട്രയുടെ ഭരണാധികാരിയായ ശിവജിയെ ബച്ചനും ചാനലും അപമാനിച്ചതായും മാപ്പ് പറയണം എന്നും ആവശ്യപ്പെട്ട് ഒരു കൂട്ടര്‍ രംഗത്തെത്തി.