പ്രതിഫലം വേണ്ട, പകരം മറ്റൊരു ഡിമാന്റ്..; 'പുഷ്പ 2'വിന്റെ കാര്യത്തില്‍ പുതിയ നിലപാടുമായി അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്റെ കരിയര്‍ തന്നെ മാറ്റി മറച്ച സിനിമയാണ് ‘പുഷ്പ’. താരത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്ന ചിത്രത്തിനായി മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

പുഷ്പയും ഫഹദിന്റെ ഭന്‍വര്‍ സിങ് ഷെഖാവത് എന്ന കഥാപാത്രവുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് പുഷ്പ ആദ്യ ഭാഗം അവസാനിച്ചത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ അല്ലു അര്‍ജുന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് തനിക്ക് പ്രതിഫലം വേണ്ടെന്ന് വച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റൊരു ഡിമാന്റ് അല്ലു നിര്‍മാതാക്കള്‍ക്ക് മുമ്പില്‍ വച്ചിട്ടുണ്ട്. ചിത്രത്തിന്റെ ലാഭത്തിന്റെ വിഹിതം വേണമെന്നാണ് അല്ലുവിന്റെ ആവശ്യം.

പുഷ്പ 2വിന്റെ റിലീസിന് ശേഷം നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ 33 ശതമാനം തനിക്ക് നല്‍കണമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 1000 കോടി പുഷ്പ 2വിന് ലഭിക്കുക ആണെങ്കില്‍ 330 കോടിയോളം രൂപ നടന് നല്‍കേണ്ടി വരും.

ഇക്കാര്യം നിര്‍മാതാക്കളായ മൈത്രി മൂവീസ് സമ്മതിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 500 കോടിയാണ് പുഷ്പയുടെ ബജറ്റ് എന്നാണ് വിവരം. സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് ആണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.