ജയില്‍ ചാടിയ ശേഷം 'പുഷ്പരാജ്' പോയത് എങ്ങോട്ട്? പ്രതീക്ഷ തെറ്റിക്കുമോ അല്ലു അര്‍ജുന്‍? ലൊക്കേഷന്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ആന്ധ്രയിലെ ‘ഗംഗമ്മ തല്ലി’ എന്ന ആചാരത്തിന്റെ ഭാഗമായി ആണുങ്ങള്‍ പെണ്‍വേഷം കെട്ടാറുണ്ട്. ആ തരത്തിലുള്ള ഒരു ചിത്രമാണ് ‘പുഷ്പ 2’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയി എത്തിയത്. ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ആദ്യ ഭാഗം ‘പുഷ്പ’യിലെ അഭിനയത്തിന് അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ ലഭിച്ചിരുന്നു.

അതുകൊണ്ട് തന്നെ പുഷ്പ 2വിന് വന്‍ ഹൈപ്പ് ആണ് നിലവിലുള്ളത്. ഇതിനിടെ പുഷ്പ 2വിന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള അല്ലു അര്‍ജുന്റെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. ‘ഗംഗമ്മ തല്ലി’യെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്ന ചിത്രവും. ബോഡി പെയിന്റും പട്ടുസാരിയും, കമ്മലും വളകളും, മോതിരങ്ങളും ധരിച്ചാണ് ഫസ്റ്റ്‌ലുക്കില്‍ അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ബന്‍വര്‍ സിംഗ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് പുഷ്പ അവസാനിച്ചത്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ റൈസ് പറഞ്ഞത്.
150 കോടി ബജറ്റില്‍ ആയിരുന്നു പുഷ്പ: ദ റൈസ് എന്ന ഒന്നാം ഭാഗം സുകുമാര്‍ ഒരുക്കിയത്, എന്നാല്‍ 350 കോടി ബജറ്റിലാണ് രണ്ടാം ഭാഗമായ പുഷ്പ ദ റൂള്‍ ഒരുക്കുന്നത്.

അതുകൊണ്ട് തന്നെ ക്വാളിറ്റിയില്‍ അടക്കം മികവ് പ്രതീക്ഷിക്കാം. 2021ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം 373 കോടി വരെയാണ് ആഗോള തലത്തില്‍ കളക്ഷന്‍ നേടിയത്. രണ്ടാം ഭാഗം എത്തുമ്പോള്‍ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തര്‍ത്തെറിയും എന്നാണ് പ്രതീക്ഷകള്‍. ഓഗസ്റ്റ് 15ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. അതേസമയം, പുഷ്പ 2വിന്റെ ആദ്യ ഗ്ലിംപ്‌സിനെതിരെ ട്രോളുകളും എത്തിയിരുന്നു.

ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ പുഷ്പയുടെ ഒരു അപ്ഡേറ്റിനായി കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷച്ചതല്ല കിട്ടിയത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. നിരാശയാണ് ട്രെയ്ലര്‍ കണ്ടപ്പോ ഫീല്‍ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ പ്രതികരിച്ചത്. കെജിഎഫിനെ പോലെ ഒരു തീപ്പൊരി ട്രെയ്ലര്‍ ആണ് പ്രതീക്ഷിച്ചതെങ്കിലും കിട്ടിയത് ഒരു കുന്നംകുളം വേര്‍ഷന്‍ ആണ് എന്ന നിലപാടിലാണ് പലരും. കെജിഎഫ് 2 ഇറങ്ങുന്നതിന് മുമ്പ് തന്നെ സുകുമാര്‍ തയാറാക്കിയ തിരക്കഥയാണ് പുഷ്പ 2വിന്റെത്.

Allu Arjun Gangamma Talli avatar from Pushpa 2 Leaked goes viral vvk

എന്നാല്‍ കെജിഎഫ് 2 അപ്രതീക്ഷിത ഹിറ്റ് ആയപ്പോള്‍ തിരക്കഥ മുഴുവനായും സുകുമാര്‍ മാറ്റി എഴുതിയതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ കെജിഎഫിന്റെയും ബാഹുബലിയുടെയും രണ്ടാം ഭാഗത്തിനായി കാത്തിരുന്നത് പോലെ തന്നെയാണ് സിനിമാസ്വാദകര്‍ പുഷ്പ 2വിനായും കാത്തിരുന്നത്. എന്നാല്‍ ആ കാത്തിരിപ്പ് തകര്‍ത്ത് തരിപ്പണമാക്കി എന്നായിരുന്നു പലരുടെയും അഭിപ്രായം.

തിരുപ്പതി ജയിലില്‍ നിന്നും പുഷ്പരാജ് ജയില്‍ ചാടുകയും, പൊലീസുകാര്‍ പുഷ്പയെ തേടി നടക്കുന്നതും രക്ഷപ്പെടുന്നതിനിടെ പുഷ്പയ്ക്ക് എട്ട് ബുള്ളറ്റുകള്‍ കൊള്ളുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുഷ്പ മരിച്ചു കാണും എന്ന രീതിയിലാണ് വീഡിയോ പോകുന്നത്. പുഷ്പയെ മനപൂര്‍വ്വം കൊന്നതാണെന്ന് പറഞ്ഞ് നാട്ടിലെങ്ങും ജനങ്ങള്‍ കലാപമുണ്ടാക്കുന്നതും പുഷ്പ ജീവനോടെ ഇല്ല എന്ന വിവരം പരന്നതോടെ ട്വിസ്റ്റ് സംഭവിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കാട്ടില്‍ പുലികളെ നിരീക്ഷിക്കാന്‍ വച്ച ക്യാമറയില്‍ അപ്രതീക്ഷിത ദൃശ്യം പതിയുന്നു. പുഷ്പരാജ് മരിച്ചിട്ടില്ല എന്ന്.

യഥാര്‍ത്ഥത്തില്‍ ഒന്നാം ഭാഗം എവിടെയാണോ അവസാനിച്ചത് അതിന്റെ ഒരു കണ്ടിന്യൂവിറ്റി എന്ന രീതിയില്‍ അല്ല രണ്ടാം ഭാഗത്തിന്റെ ഗ്ലിംപ്‌സ് എത്തിയത്. പുതിയ കഥയും ഒപ്പം കഥാപാത്രങ്ങളുമാണ് വീഡിയോയിലുള്ളത്. സിനിമയിലെ പ്രധാന കഥാപാത്രം ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ബന്‍വര്‍ സിംഗ് ഷെഖാവത് ആണെങ്കിലും ഗ്ലിംപ്‌സില്‍ എവിടെയും ഫഹദ് ഉണ്ടായിരുന്നില്ല. നായിക രശ്മികയും ഇതുവരെ എത്തിയ അപ്‌ഡേറ്റുകളില്‍ ഒന്നിലും ഇല്ല. അതുകൊണ്ട് സംവിധായകന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന കണ്‍ഫ്യൂഷനിലാണ് പ്രേക്ഷകര്‍.