സിനിമ എടുത്ത് വിറകുപുരയില്‍ താമസിക്കേണ്ടി വന്ന നിര്‍മ്മാതാവ് ഞാനല്ല: അജിത് തലപ്പിള്ളി

വീടും കാറും വിറ്റ് സിനിമ എടുത്ത് ഒടുവില്‍ വിറകുപുരയില്‍ താമസിക്കേണ്ടി വന്ന നിര്‍മ്മാതാവ് താന്‍ അല്ലെന്ന് അജിത് തലപ്പിള്ളി. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളാണ് അജിത് തലപ്പിള്ളി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രത്തിന്റെ ബജറ്റ് കൂട്ടി നിര്‍മ്മാതാവിനെ കടക്കെണിയിലാക്കി എന്ന് വെളിപ്പെടുത്തിയത്.

പിന്നാലെ വീടും കാറും വിറ്റ് സിനിമയെടുത്ത ഒരു നിര്‍മ്മാതാവ് ഇപ്പോള്‍ വിറകുപുരയിലാണ് താമസിക്കുന്നത് എന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ സിനിമ സംഘടനകളുടെ സമരപ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സുരേശന്റെയും സുമലതയുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാള്‍ തകര്‍ന്നുപോയ നിര്‍മ്മാതാവ് അജിത്ത് തലപ്പിള്ളി എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ അത് താനല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അജിത് തലപ്പിള്ളി. ഗോകുലം ഗോപാലന്‍ സഹായിച്ചിരുന്നില്ലെങ്കില്‍ സമാനമായ അവസ്ഥയിലേക്ക് എത്തിപ്പെടാമായിരുന്നുവെന്നും അജിത് വ്യക്തമാക്കി.

നാല് കോടി രൂപ ബജറ്റിട്ട സിനിമ 20 കോടിയിലേക്ക് എത്തി. ആ സമയത്ത് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത് സഹായിച്ചത് ഗോകുലം ഗോപാലന്‍ ആണെന്നാണ് അജിത് പറയുന്നത്. അതേസമയം, ജൂണ്‍ 1 മുതല്‍ സിനിമാമേഖല സ്തംഭിപ്പിച്ചുള്ള സമരത്തിന് സിനിമാസംഘടനകള്‍ തയറെടുക്കുകയാണ്.

Read more