ആദ്യദിനം തന്നെ 14.50 കോടി, ആഗോള ബോക്‌സോഫീസില്‍ മികച്ച ഓപ്പണിംഗുമായി ദൃശ്യം 2

അജയ് ദേവ്ഗണ്‍ ചിത്രം ദൃശ്യം2 വിന് ആഗോള ബോക്സ് ഓഫീസില്‍ മികച്ച ഓപ്പണിങ്ങ്. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ നേടിയത് 14.50 കോടിയാണ്. ഈ വര്‍ഷത്തെ ബോളിവുഡിലെ മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്. ‘ബ്രഹ്‌മാസ്ത്ര’യാണ് മികച്ച ഓപ്പണിങ്ങില്‍ ആദ്യം. അവധി ദിനങ്ങളായ ശനി, ഞായര്‍ ദിവസങ്ങളില്‍ കളക്ഷന്‍ കൂടുമെന്നാണ് നിഗമനം.

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്. ആദ്യ ഭാഗവും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അജയ് ദേവ്ഗണും ശ്രിയ ശരണും തബുവുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

ആദ്യ ഭാഗം സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് 2020 ഓഗസ്റ്റില്‍ അന്തരിച്ചു. അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ദൃശ്യം 2 റീമേക്കിന്റെ തിരക്കഥ തങ്ങള്‍ പല തവണ തിരുത്തിയെന്ന് അഭിഷേക് പതക് പറഞ്ഞിരുന്നു.

2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘ദൃശ്യം’ ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ട്. 2021ല്‍ ആണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയത്. ആമസോണ്‍ പ്രൈം വീഡിയോയിലായിരുന്നു ചിത്രം റിലീസിനെത്തിയത്. ഒടിടി റിലീസായിരുന്നെങ്കിലും ദൃശ്യം 2 ഹിറ്റായിരുന്നു. റെക്കോര്‍ഡ് പ്രേക്ഷകരെയാണ് ചിത്രം മലയാളം ടെലിവിഷന്‍ പ്രീമിയറില്‍ നേടിയത്.