'പിന്നില്‍ എന്തൊക്കെയോ കളികള്‍ നടക്കുന്നുണ്ടെന്നാണ് തോന്നുന്നത് '; സസ്പെന്‍സ് നിറച്ച് 'അദൃശ്യം' ടീസര്‍

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ‘അദൃശ്യ’ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, സിജു വില്‍സണ്‍ തുടങ്ങിയവര്‍ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ക്രൈം ത്രില്ലര്‍ ഇന്‍വസ്റ്റിഗേഷന്‍ സസ്പെന്‍സ് ത്രില്ലറായിരിക്കും ചിത്രം എന്നുറപ്പ് നല്‍കുന്നതാണ് ടീസര്‍. മലയാളം തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രമാണ് അദൃശ്യം.

പവിത്ര ലക്ഷ്മിയും ആത്മീയ രാജനും പ്രാധാന വേഷങ്ങളില്‍ എത്തുന്ന അദൃശ്യത്തിലൂടെ കായല്‍ ആനന്ദി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സാക് ഹാരിസിന്റെ സംവിധാനത്തില്‍ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

ഇതേ ബാനറിന്റെ കീഴില്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിറിനൊപ്പം കൈതിയുടെ വന്‍ വിജയത്തിന് ശേഷം നരേനും , കര്‍ണ്ണനില്‍ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു.