അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസിന്റെ ഭാഗമാകാൻ നടൻ കമൽ ഹാസന് ക്ഷണം. കമൽ ഹാസനെ കൂടാതെ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാൻ ഖുറാന, കാസ്റ്റിങ് ഡയറക്ടർ കരൺ മാലി, ഛായാഗ്രാഹകൻ രൺബീർ ദാസ്, കോസ്റ്റ്യൂം ഡിസൈനർ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കർ സ്മൃതി മുന്ദ്ര, സംവിധായിക പായൽ കപാഡിയ എന്നിവരാണ് ഈ വർഷത്തെ പട്ടികയിലെ ഇന്ത്യയിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ.
അഭിനേതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ, നിർമ്മാതാക്കൾ തുടങ്ങി 19 മേഖലകളിൽ നിന്നുള്ളവരെയാണ് അക്കാദമി ക്ഷണിച്ചത്. ഇവരെ പ്രൊഫഷണൽ യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്. ഈ വർഷം ക്ഷണിക്കപ്പെട്ട 534 പേരിൽ 41 ശതമാനം സ്ത്രീകളും 45 ശതമാനം പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളിൽ നിന്നുള്ളവരും 55 ശതമാനം പേർ അമേരിക്കയ്ക്ക് പുറത്തുള്ള 60 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവരുമാണ്.
നിലവിൽ, അക്കാദമിയുടെ മൊത്തം അംഗസംഖ്യ 10,500-ൽ അധികമാണ്. പുതിയ ക്ലാസ് ക്ഷണങ്ങൾ വരുന്നതോടെ എണ്ണം 11,000 കവിയും. ഇവർ വോട്ട് ചെയ്താണ് ഓസ്‌കർ വിജയികളെ കണ്ടെത്തുന്നത്. 2026 മാർച്ച് 15 ന് കോനൻ ഒ’ബ്രയൻ ആതിഥേയത്വം വഹിക്കുന്ന ഓസ്‌കാർ അവാർഡുകൾ നടക്കും. ജനുവരി 12 മുതൽ ജനുവരി 16 വരെ നോമിനേഷൻ പ്രക്രിയയും വോട്ടെടുപ്പും നടക്കും. പരിഗണനയ്ക്ക് ശേഷം, ജനുവരി 22 ന് നോമിനികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും.