ബൈക്ക് ട്രിപ്പിന് പിന്നാലെ സൈക്കിള്‍ ട്രിപ്പ്; തല അജിത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ബൈക്ക് റേസിംഗ്, കാര്‍ റേസിംഗ് തുടങ്ങി സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടന്‍ അജിത്ത്. താരത്തിന്റെ സൈക്കിള്‍ ട്രിപ്പിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് അജിത്ത് കൊല്‍ക്കത്തയിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നത്.

സ്‌പോര്‍ട്‌സ് വസ്ത്രങ്ങളും ഹെല്‍മറ്റും മാസ്‌കും ധരിച്ച്, റോഡ് ട്രിപ്പിന് ആവശ്യമുള്ള സന്നാഹങ്ങളുമായി യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. അജിത്തിന്റെ സുഹൃത്തും സൈക്കിളിസ്റ്റുമായ സുരേഷ് കുമാര്‍ ആണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ സിക്കിമിലേക്ക് അജിത്ത് ബൈക്ക് ട്രിപ്പ് നടത്തിയിരുന്നു. അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു അജിത്ത്. ഹൈദരാബാദില്‍ നടന്ന ഷൂട്ടിംഗ് ഫെബ്രുവരി 15ന് ആണ് പൂര്‍ത്തിയായത്. സിനിമയിലെ ഒരു സ്റ്റണ്ട് സീന്‍ സ്‌പെയിനില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ്.

പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് വലിമൈയില്‍ എത്തുന്നത്. നേര്‍കൊണ്ട പാര്‍വൈ ആയിരുന്നു അജിത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ബോളിവുഡ് ചിത്രം പിങ്കന്റെ റീമേക്ക് ആയിരുന്നു നേര്‍കൊണ്ട പാര്‍വൈ.