'കള' ലൊക്കേഷനില്‍ ടൊവിനോയുടെ അഭ്യാസപ്രകടനം; വീഡിയോ

“കള” ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നടന്‍ ടൊവിനോ തോമസിന്റെ അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുന്നു. കളയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു വയറിന് പരിക്കേറ്റ് ടൊവിനോ ഐസിയുവില്‍ ആയത്. ഷൂട്ടിംഗിനിടെ വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് ആന്തരിക രക്തപ്രവാഹം ഉണ്ടായതാണ് വയറുവേദനയ്ക്ക് കാരണമായത്.

പിറവത്തെ ലൊക്കേഷനില്‍ വെച്ച് ചിത്രീകരിച്ച സംഘട്ടന രംഗത്തിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. സംഘട്ടന രംഗങ്ങള്‍ ഒരുപാടുള്ള ചിത്രത്തില്‍ ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. മൂന്നാഴ്ച വിശ്രമിച്ച താരം നവംബര്‍ ആദ്യ വാരമാണ് വീണ്ടും ലൊക്കേഷനിലേക്ക് തിരിച്ചെത്തിയത്.

രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രം മനുഷ്യനും വന്യജീവിതവുമാണ് പ്രമേയമാവുന്നത്. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. ലാല്‍, ദിവ്യ പിള്ള, സുമേഷ് മൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

കാണെക്കാണെ ആണ് ടൊവിനോയുടെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. പരിക്ക് ഭേദമായ ടൊവിനോ ആദ്യമെത്തിയത് ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തില്‍ നായിക. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.