'നേരിട്ട് അനുഭവിച്ച ആ മാജിക്ക്'; ദ കുങ്ഫു മാസ്റ്റര്‍ ഉണ്ടാവാനുള്ള കാരണം പറഞ്ഞ് എബ്രിഡ് ഷൈന്‍

“1983”, “ആക്ഷന്‍ ഹീറോ ബിജു”, “പൂമരം” എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ദ കുങ്ഫു മാസ്റ്റര്‍”. ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായാണ് സിനിമ ഒരുക്കുന്നത്. തനിക്കുണ്ടായ ഒരോ അനുഭവങ്ങളില്‍ നിന്നുമാണ് തന്റെ ഓരോ സിനിമയും ഉണ്ടാവുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് എബ്രിഡ് ഷൈന്‍.

“”1983-ന് എന്റെ ജീവിതവുമായി ബന്ധമുണ്ട്. ആക്ഷന്‍ ഹീറോ ബിജുവാകട്ടെ ഞാന്‍ കണ്ട, അന്വേഷിച്ചുപോയ ഒരു പോലീസ് സ്റ്റേഷനാണ്. നേരിട്ടു കണ്ട സംഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ പറ്റിയ കാഴ്ചകളുണ്ടതില്‍. പൂമരത്തിലുള്ളത് ഞാന്‍ ചെറുപ്പത്തില്‍ യൂണിവേഴ്സിറ്റിയില്‍ പോയപ്പോള്‍ കണ്ട, യൂത്ത് ഫെസ്റ്റിവല്‍ ദിനങ്ങളില്‍ എനിക്കുണ്ടായ സന്തോഷവും അനുഭവിച്ച മാജിക്കുമൊക്കെയാണ്. കുങ്ഫു മാസ്റ്റര്‍ നമ്മള്‍ നേരത്തെ കണ്ടിട്ടുള്ള സിനിമകളില്‍ നിന്നുള്ള പ്രചോദനമാണ്”” എന്നാണ് എബ്രിഡ് ഷൈന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്.

പുതുമുഖ താരം ജിജി സ്‌ക്കറിയ ആണ് ചിത്രത്തില്‍ നായകന്‍. നീതാ പിള്ളയാണ് നായിക. സനൂപ്, അഞ്ജു ബാലചന്ദ്രന്‍, സൂരജ് എസ്. കുറുപ്പ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. സുജിത്ത് ഉണ്ണി, രാമ മൂര്‍ത്തി, രഞ്ജിത്ത്, ജയേഷ്, രാജന്‍ വര്‍ഗ്ഗീസ്, ഹരീഷ്, ജെയിംസ്, തെസ്നി, ഷോറിന്‍, മാസ്റ്റര്‍ നവീന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫുള്‍ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ്. ജനുവരി 24ന് ചിത്രം റിലീസിനെത്തും.