വടംവലിയുടെ ആവേശവുമായി ആഹാ തിയേറ്ററുകളിലെത്തും; നവംബര്‍ 19ന്

ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വടംവലി പ്രമേയമാകുന്ന ചിത്രം ആഹായുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും. വടംവലി പ്രമേയമാകുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രനും ഇന്ദ്രജിത്തുമാണ് നായികാനായകന്മാരായെത്തുന്നത്. നാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം ആണ് നിര്‍മ്മാണം.

മനോജ് കെ ജയന്‍, ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. 2008ലെ വടംവലി സീസണില്‍ എഴുപത്തിമൂന്ന് മത്സരങ്ങളില്‍ എഴുപത്തിരണ്ടിലും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ”ആഹാ നീലൂര്‍” എന്ന ടീമിനോടുള്ള ബഹുമാനസൂചകമായാണ് ചിത്രത്തിന് ആഹാ എന്ന പേര് നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബോളിവുഡില്‍ സജീവമായ രാഹുല്‍ ബാലചന്ദ്രനാണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. സയനോര ഫിലിപ്പ് ആണ് സംഗീതമൊരുക്കുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. വ്യത്യസ്ത സ്വഭാവത്തില്‍ പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്.