നജീബിന്റെ നിസ്സഹായത മുഴുവൻ ആ കണ്ണുകളിൽ കാണാം.. ; ചർച്ചയായി പൃഥ്വിരാജിന്റെ 'ആടുജീവിതം' സ്റ്റിൽ

മലയാള സിനിമാലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’. യഥാർത്ഥ സംഭവ വികാസങ്ങളെ  അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. മാർച്ച് 28 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ച് മെലിഞ്ഞത് വലിയ വാർത്തയായിരുന്നു. യഥാർത്ഥ നജീബിന്റെ ശരീരപ്രകൃതിയിലേക്കെത്താൻ പൃഥ്വിരാജ് ചെയ്ത ഹാർഡ്വർക്കിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു.19 കിലോയാണ് ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.

ഇപ്പോഴിതാ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ മറ്റൊരു രൂപമാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. യഥാർത്ഥ നജീബിന്റെ മുഴുവൻ വികാരങ്ങളും ആ കണ്ണുകളിൽ കാണാൻ കഴിയുമെന്നാണ് ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാവും ആടുജീവിതം എന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്. മലയാളത്തിലെ മറ്റൊരു മികച്ച സർവൈവൽ- ത്രില്ലർ ചിത്രമായിരിക്കും ആടുജീവിതമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നു.

May be an image of 1 person and text

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.