ആദ്യ ഷോയില്‍ തന്നെ 'ആദി' ചോര്‍ന്നു; പ്രണവിന്റെ ആദ്യ ചിത്രത്തിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയായ ആദിയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. തീയേറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ നിര്‍ണായക രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ക്ലബ്ബ് എന്ന പേജിലൂടെയാണ് സിനിമയിലെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ പുറത്തായിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

ആദിയില്‍ പ്രണവിന്റെ അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങളായി വേഷമിടുന്നുണ്ട്. ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. മകന്റെ ആദ്യസംരംഭം കൊഴുപ്പിക്കാനായി റസ്റ്റോറന്റിന്റ സീനിലാണ് അച്ഛനും അമ്മയുമെത്തുന്നത്. ഇതാദ്യമായിട്ടാണ് മോഹന്‍ലാലും സുചിത്രയും ഒരേ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട്. ഈ രംഗമാണ് പുറത്തായിരിക്കുന്നത്.

സിനിമയില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെയാണ് വേഷമിടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9-ാം ചിത്രമാണ് ആദി. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ നരസിംഹം പ്രദര്‍ശനത്തിന് എത്തിയ അതേ ദിവസം തന്നെയാണ് ആദിയും പ്രദര്‍ശനത്തിന് എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.