1980ലെ ന്യൂജന്‍ സിനിമ. സംവിധായകനും നായകനും വില്ലനും എല്ലാം പുതുമുഖങ്ങള്‍. അന്നുവരെ മലയാളികള്‍ കണ്ട വാണിജ്യ ചേരുവകള്‍ ഒന്നുമില്ലാതെ പുതിയ രീതിയിലുള്ള മേക്കിംഗ്. മലയാള സിനിമയില്‍ ചരിത്രപരമായ അടയാളപ്പെടുത്തലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളുടെ ഉദയം കൂടിയായി ആ സിനിമ. അന്ന് സിനിമ കണ്ട ശേഷം പ്രേക്ഷകരില്‍ പലരും ശ്രദ്ധിച്ചത് സിനിമയിലെ വില്ലനെ ആയിരുന്നു. മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഒരു തോളും ചരിച്ച് നടന്നു കയറിയ മോഹന്‍ലാല്‍. ചുരുട്ടും ചുവന്ന വെളിച്ചവും അകമ്പടി സേവിക്കാത്ത ഒരു വില്ലനെ മലയാളി ആദ്യമായി കണ്ടു. നായകനെക്കാള്‍ വില്ലന്‍ ചര്‍ച്ചാവിഷയമായി. മോഹന്‍ലാല്‍ മലയാളിക്ക് സ്വന്തമായി.
1980 ഡിസംബര്‍ 25ന് ആണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത്. സംവിധായകന്‍ ഫാസിലും മോഹന്‍ലാലും, പൂര്‍ണിമ ജയറാമും, ഒന്നിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അക്ഷരാര്‍ഥത്തില്‍ ചരിത്രം കുറിക്കുകയായിരുന്നു. തുടക്കത്തില്‍ ആരാലും ശ്രദ്ധിയ്ക്കാതിരുന്ന സിനിമ ദിവസങ്ങള്‍ക്കുള്ളില്‍ ബോക്സോഫിസ് ഹിറ്റാവുകയായിരുന്നു. ഏഴ് ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ സിനിമയില്‍, ഇന്ന് കോടികള്‍ പ്രതിഫലം പറ്റുന്ന മോഹന്‍ലാല്‍ അന്ന് വാങ്ങിയത് 2000 രൂപയാണ്. തകര്‍ത്തോടിയ സിനിമ വാരിക്കൂട്ടിയത് ഒരു കോടിയിലധികം രൂപ. അത് മലയാള സിനിമയില്‍ മാറ്റത്തിന്റെ തുടക്കമായിരുന്നു.

മുഖ്യധാരയില്‍ നിന്ന് മാറി സഞ്ചരിച്ച സിനിമ വാരിക്കൂട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ 6 അവാര്‍ഡുകളാണ്. മികച്ച കലാമൂല്യമുള്ള ജനകീയ സിനിമയായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മികച്ച നടിയായി പൂര്‍ണിമയും, മികച്ച സംഗീത സംവിധായകനായി ജെറി അമല്‍ദേവും, മികച്ച ഗായകരായി യേശുദാസും ജാനകിയും, മികച്ച പശ്ചാത്തല സംഗീതത്തിന് ഗുണസിങ് എന്നിങ്ങനെ അംഗീകാരങ്ങളുടെ പെരുമഴയാണ് ഈ പരീക്ഷണ സിനിമയെ കാത്തിരുന്നത്. കഥയുടെ പ്രത്യേകത കൊണ്ടായിരുന്നില്ല, അവതരണത്തിന്റെ അതുവരെ കാണാത്ത പുതുമ കൊണ്ടായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ചത്.

സിനിമ പുറത്തിറങ്ങി 42 വര്‍ഷം തികഞ്ഞിരിക്കുകയാണ്. മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണെങ്കിലും നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് മറ്റൊരു നടനെ ആയിരുന്നു. മറ്റൊരു ജനപ്രിയ താരത്തെ വില്ലന്‍ ആക്കാനിരുന്നതാണെങ്കിലും സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവരും പുതുമുഖങ്ങള്‍ വേണം എന്നത് നിര്‍മ്മാതാവായ നവോദയ അപ്പച്ചന്റെ തീരുമാനം ആയിരുന്നു.
Read more
ആ സമയത്താണ് ശങ്കറും, രവീന്ദ്രനും ഒരുമിച്ച് അഭിനയിച്ച ‘ഒരു തലൈ രാഗം’ എന്ന തമിഴ് സിനിമ തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്. അപ്പോഴേക്കും ശങ്കര്‍-രവീന്ദ്രന്‍ കോംമ്പോ ഒരു തരംഗമായി മാറിയതിനാല്‍ സിനിമയില്‍ നായകനായി ശങ്കറിനെയും, വില്ലനായി രവീന്ദ്രനെയും ആദ്യം അപ്പച്ചന്‍ സെലെക്റ്റ് ചെയ്തു എന്നാല്‍ രവീന്ദ്രന് ആ സമയത്ത് തമിഴില്‍ ഒരുപാട് ഓഫറുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ രവീന്ദ്രന്‍ ഉപേക്ഷിച്ചു. പിന്നീട് ഓഡീഷനിലൂടെയാണ് മോഹന്‍ലാലിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. സിനിമയുടെ പേര് ആദ്യം ഇളം പൂക്കള്‍ എന്നായിരുന്നു. പിന്നീട് സിനിമയ്ക്ക് വേണ്ടി ബിച്ചു തിരുമല രചിച്ച വരികളില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ എന്ന വരികളില്‍ നിന്നാണ് ടൈറ്റില്‍ മാറിയത്.







