'ഇതേത് കേരളം?' വിവാദരംഗങ്ങളുമായി 'കേരള സ്റ്റോറി 2' ട്രെയിലർ; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

തിയേറ്ററിൽ എത്തുന്നതിനു മുൻപേതന്നെ രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്ന ചിത്രമായിരുന്നു 2023ൽ പുറത്തിറങ്ങിയ സുദീപ്‌തോ സെന്നിൻ്റെ ‘ദി കേരള സ്റ്റോറി’. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ ‘കേരള സ്‌റ്റോറി 2’ തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. കേരളത്തിൽ നിന്നാണ് കൂടുതലായും വിമർശനം ഉയരുന്നത്.

സിനിമയിൽ കേരളത്തിൽ നിന്നുള്ള യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും എന്നാൽ ബലം പ്രയോ​ഗിച്ച് കഴിപ്പിക്കുന്നതുമെല്ലാം ട്രെയിലറിൽ ഉണ്ടായിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. യഥാർത്ഥ കേരളം എന്താണ് എന്നറിയാൻ അണിയറ പ്രവർത്തകർ കേരളത്തിലേക്ക് വരണമെന്നും ഒരു ഭാഗത്ത് ആവശ്യമുയരുന്നുണ്ട്. മാത്രമല്ല, സിനിമയുടെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് മിക്ക ആളുകളും കമന്റുകളും രേഖപെടുത്തിയിരിക്കുന്നത്. ഇങ്ങനെയാണോ കേരളം എന്ന സംശയം പ്രകടിപ്പിച്ച് ഇതര ഭാഷക്കാരും കമന്റിടുന്നുണ്ട്.

ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. പെൺകുട്ടികളിലൂടെയാണ് ചിത്രം കഥ പറഞ്ഞു പോകുന്നത്. ‘ഇതൊരു കഥ മാത്രാമാണെന്ന് അവർ പറഞ്ഞു. അവരതിനെ നിശബ്ദമാക്കാൻ ശ്രമിച്ചു. അവരതിനെ അവഹേളിക്കാൻ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകൾ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതൽ ആഴത്തിലേക്ക് പോകുന്നു. കൂടുതൽ വേദനിപ്പിക്കുന്നു’ എന്നാണ് ട്രെയിലർ പങ്കുവച്ചു കൊണ്ട് നിർമാതാക്കൾ കുറിച്ചത്.

നേരത്തെ റിലീസ് ചെയ്ത് കേരള സ്റ്റോറി 2 ടീസറിനും വ്യാപകമായി ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ടീസർ പുറത്തിറക്കിയതിന് പിന്നാലെ കടുത്ത വിമർശനവും ട്രോളുകളും ചിത്രത്തിനെതിരെ ഉയർന്നുരുന്നു. ഇതിലെവിടെയാണ് കേരള സ്റ്റോറി?, കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രചരണം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രൊപ്പഗാണ്ട ചിത്രം, നാഷണൽ അവാർഡ് ഉറപ്പ് എന്നൊക്കെയുള്ള പരിഹാസ കമന്റുകളാണ് പലരും അന്ന് കമന്റ് ചെയ്തത്. ഫെബ്രുവരി 27ന് ചിത്രം തിയറ്ററുകളിൽ എത്തും. കാമാഖ്യ നാരായണ സിങ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘ദ കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ദേശീയ അവാർഡ് നേടിയ കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. ആദ്യ ഭാഗം നിർമിച്ച വിപുൽ ഷാ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും നിർമാതാവ്.

അതേസമയം, ഒട്ടേറെ വിമർശനങ്ങൾക്കും ഒപ്പം കയ്യടികൾക്കും വിധേയമായ ഒരു പ്രൊപ്പഗാണ്ട സിനിമ ആയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി’ എത്തിയത്. കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുണ്ടെന്നും നിരവധി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്നുമായിരുന്നു സിനിമ ആരോപിച്ചത്. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലായിരുന്നു സിനിമയുടെ റിലീസ്.

കേരളത്തിലും തമിഴ്‌നാട്ടിലും വലിയ രീതിയിൽ ചിത്രത്തിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. പൊലീസ് പ്രൊട്ടക്ഷനോടെയാണ് തിയേറ്ററിൽ ചുരുക്കം പ്രേക്ഷകർ ഈ സിനിമ കണ്ടത്. ചിത്രം ബംഗാളിലും തമിഴ്‌നാട്ടിലും ആദ്യം നിരോധിച്ചിരുന്നു. എന്നാൽ പിന്നീട് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അദാ ശർമ്മ, സിദ്ധി ഇദ്‌നാനി, യോഗിത ബിഹാനി, സോണിയ ബാലാനി എന്നിവർ അഭിനയിച്ച ചിത്രത്തിൽ അദാ ശർമ്മയാണ് നായികയായത്. 20 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 300 കോടിയിലധകം രൂപ കളക്ഷൻ നേടുകയും രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. 2023ലെ മികച്ച സംവിധായകനുളള ദേശീയ പുരസ്കാരം ദ് കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ സുദീപ്തോ സെൻ സ്വന്തമാക്കിയിരുന്നു. ഇതും വ്യാപക വിമർശനത്തിന് ഇട വരുത്തിയിരുന്നു. ദേശീയ അവാർഡിൻറെ നിലവാരം കുറഞ്ഞെന്നായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

Read more