അടുത്ത 100 ജന്മങ്ങളിലും ഒരു നടനായി തന്നെ ജനിക്കാനാണ് തന്റെ ആഗ്രഹമെന്ന് രജനികാന്ത്. ഗോവയില്‍ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്‌ഐ) സമാപന ചടങ്ങില്‍, സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങിലാണ് രജനികാന്ത് സംസാരിച്ചത്.
”സിനിമയില്‍ അഭിനയിച്ച ഈ 50 വര്‍ഷവും എനിക്ക് പത്തോ പതിനഞ്ചോ വര്‍ഷം പോലെയാണ് തോന്നിയത്. കാരണം എനിക്ക് സിനിമയും അഭിനയവും അത്രക്ക് ഇഷ്ടമാണ്. അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എഴുത്തുകാര്‍ക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കള്‍ക്കും സമര്‍പ്പിക്കുന്നു” എന്നാണ് രജനികാന്തിന്റെ വാക്കുകള്‍.
നിറഞ്ഞ കയ്യടിയോടെയാണ് സൂപ്പര്‍ സ്റ്റാറിന്റെ വാക്കുകള്‍ ആരാധകര്‍ കേട്ടത്. അതേസമയം, ജയിലര്‍ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. ജയിലര്‍ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്ക്കൊപ്പം ജയിലര്‍ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
Read more
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന തലൈവര്‍ 173-യും രജനിയുടെതായി വരുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകനായി ആദ്യം തിരഞ്ഞെടുത്തത് സുന്ദര്‍ സിയെ ആയിരുന്നു. എന്നാണ് സുന്ദര്‍ ഈ സിനിമയില്‍ നിന്നും പിന്മാറി. പുതിയ സംവിധായകനെ ഉടനെ പ്രഖ്യാപിക്കും എന്നാണ് വിവരം.







