നടി അസ്വസ്ഥത പ്രകടിപ്പിച്ചു, ലിപ്‌ലോക് സീന്‍ ചിത്രീകരിച്ച ശേഷം കട്ട് ചെയ്തു..; വെളിപ്പെടുത്തി വിഷ്ണു വിശാല്‍

ലിപ്‌ലോക് സീന്‍ ചിത്രീകരിച്ചതിന് ശേഷം സിനിമയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ വിഷ്ണു വിശാല്‍. ‘ആര്യന്‍’ എന്ന സിനിമയിലെ സീനിനെ കുറിച്ചാണ് വിഷ്ണു സംസാരിച്ചത്. നടി മാനസ ചൗധരി ആ രംഗത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അത് നീക്കം ചെയ്തത് എന്നാണ് വിഷ്ണു വിശാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടന്‍ സംസാരിച്ചത്.

ആര്യന്‍ സിനിമയില്‍ ഒരു ഗാനം പ്ലാന്‍ ചെയ്തിരുന്നു. അതൊരു റൊമാന്റിക് നമ്പര്‍ ആയിരുന്നു. അതിലൊരു ലിപ്‌ലോക്ക് സീന്‍ ഉണ്ടായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിന് ശേഷം മാനസ സംവിധായകന്റെ അടുത്ത് പോയി ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെയൊരു രംഗം പാട്ടില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ സംവിധായകനോട് പറഞ്ഞു.

സംവിധായകന്‍ ഇത് എന്നോട് പറഞ്ഞു. മാനസ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. നമ്മള്‍ അങ്ങനെയൊന്നും ചിത്രീകരിക്കുന്നില്ലെന്നും പാട്ടിനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കാന്‍ പോകുന്നതെന്നും ഞാന്‍ ഉടന്‍ തന്നെ സംവിധായകനോട് പറഞ്ഞു. സിനിമയുടെ എഡിറ്റിങ്ങില്‍, ആ രംഗം നീക്കി.

നിങ്ങള്‍ പറഞ്ഞതിനെ ഞാന്‍ ബഹുമാനിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചതിനെ ഞാന്‍ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. സ്ത്രീകളെയും സിനിമയോടുള്ള അവരുടെ മുഴുവന്‍ സമീപനത്തെയും ഞാന്‍ എപ്പോഴും ബഹുമാനിക്കുന്നതുകൊണ്ടാണ് ഇത് പങ്കുവയ്ക്കുന്നത് എന്നാണ് വിഷ്ണു ചടങ്ങളില്‍ വച്ച് മാനസയോട് പറഞ്ഞത്.

Read more

അതേസമയം, ക്രൈം ത്രില്ലര്‍ ആയി ഒരുക്കിയ ആര്യന്‍ ഒക്ടോബര്‍ 31ന് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രവീണ്‍ കെ ആണ് ചിത്രത്തിന്റെ സംവിധാനം. സെല്‍വരാഘവന്‍, ശ്രദ്ധ ശ്രീനാഥ്, മാല പാര്‍വതി, സായ് റോണക്, താരക് പൊന്നപ്പ, അവിനാശ്, അഭിഷേക് ജോസഫ് ജോര്‍ജ് എന്നിവരും ചിത്രത്തിലുണ്ട്.