ഉദയനാണ് താരം കണ്ടതിന് ശേഷം സിനിമയ്ക്ക് അകത്തെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു: വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീതസ് ശ്രീനിവാസൻ. സിനിമയ്ക്ക് ഉള്ളിലെ സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് വർഷങ്ങൾക്കു ശേഷം എന്ന സിനിമ ചെയ്യുന്നതെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു.

“ഉദയനാണ് താരം സിനിമ വന്നത് മുതല്‍ എനിക്ക് സിനിമയ്ക്കകത്തെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ സിനിമ നമുക്ക് ഇഷ്ടമാണല്ലോ. അതില്‍ മഴയത്ത് ഷൂട്ട് കാണിക്കുന്ന ഷോട്ട് ഒക്കെയുണ്ട്. രണ്ട് കുട്ടികള്‍ നടന്ന് പോകുന്നു. ആ സമയത്ത് അച്ഛന്റെ കാരക്ടര്‍ വരുന്നു. അങ്ങനെ ഒക്കെ കാണിക്കുന്ന സീനുണ്ട്. അതായത് സിനിമയില്‍ നടക്കുന്ന പ്രോസസുകള്‍ കാണിച്ചുകൊണ്ടുള്ള സീനൊക്കെ അതിനകത്ത് ഉണ്ട്.

ഇത് കാണുന്ന സമയത്ത് നല്ല രസമുണ്ടെന്ന് തോന്നിയിരുന്നു. ഉദയനാണ് താരം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് സിനിമയില്‍ അവസരം തേടി പോവുന്ന പോലെ ഒരു കഥ ആലോചിക്കുന്നത്. ഉദയനാണ് താരത്തിലെ കഥ നമുക്ക് അറിയാം. പക്ഷെ ഈ സിനിമയ്ക്ക് എന്തൊക്കെ സംഭവങ്ങള്‍ ചേര്‍ക്കാം എന്ന് ആലോചിച്ചു.

ചെറുപ്പം തൊട്ടേ അച്ഛന്‍ പറഞ്ഞു തന്നിട്ടുള്ള, മാഗസിനില്‍ നിന്നൊക്കെ വായിച്ച് കേട്ടിട്ടുള്ള കോടമ്പാക്കം കഥകള്‍ ഉണ്ടല്ലോ. അതുപോലെ 1970 കളില്‍ എത്തുന്ന രണ്ട് ചെറുപ്പക്കാരെ പറ്റിയിട്ടാണ് സംഭവം ആലോചിക്കുന്നത്. പിന്നെ അത് അവിടെ വെച്ചു. കാരണം 70 കളിലെ കഥ എന്ന് ചിന്തിക്കുമ്പോള്‍ തന്നെ നമുക്ക് ആലോചിക്കാന്‍ പറ്റാത്തതാണ്. കുറച്ചുകൂടെ കഴിഞ്ഞിട്ടേ കടക്കാന്‍ പറ്റൂ എന്ന് ആലോചിച്ച് ഇത് അവിടെ വെക്കുകയായിരുന്നു.

പിന്നീട് ഓരോ യാത്രയിലും മറ്റുമൊക്കെയായി ഇത് മനസിലുണ്ട്. അങ്ങനെ ഇത് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 2022 ല്‍ എഴുതി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് മുന്നെ ഞാന്‍ വിശാഖിനോട് പറഞ്ഞിരുന്നു. ഒരു ഹ്യൂമര്‍ സബ്ജക്ട് ആയിട്ട് ഇത് ചെയ്യണം എന്ന് ആലോചിച്ചപ്പോഴൊക്കെ ഇതാണ് എന്റെ മനസില്‍ വന്നുകൊണ്ടിരുന്നത്.

അങ്ങനെ ഒരു പോയിന്റില്‍ ദിവ്യയുടെ അടുത്തും വിശാഖിനോടുമൊക്കെ ഇങ്ങനെ ഒരു സംഭവം എഴുതാന്‍ തോന്നുന്നെന്ന് പറയുകയായിരുന്നു. ഷൂട്ട് നടക്കുന്ന സമയത്ത് ഒരു ഷൂട്ട് എടുത്തുകൊണ്ടിരിക്കാണ്, ആ സമയത്ത് ധ്യാന്‍ അടുത്ത് വന്നിട്ട് പറഞ്ഞു, ഇത് ചിലപ്പോള്‍ ഏട്ടന്റെ ഏറ്റവും നല്ല സിനിമയായിരിക്കും എന്ന്. ധ്യാനേ ഷൂട്ട് തുടങ്ങിയിട്ടേ ഉള്ളു എന്ന് ഞാന്‍ ആ സമയത്ത് ധ്യാനിനോട് പറഞ്ഞു. ഇല്ല ഞാന്‍ പറഞ്ഞതാണ് എന്ന് ധ്യാന്‍ പറഞ്ഞു.” എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.