ജീവിതത്തില്‍ പല തരത്തില്‍ വെല്ലുവിളികൾ ഉണ്ടാകും, മുന്നോട്ടു പോകുക: വിജയ് ബാബു

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മോളിവുഡില്‍ സിനിമകളുമായി സജീവമായിരിക്കുകയാണ് നിര്‍മാതാവും അഭിനേതാവുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ ‘എങ്കിലും ചന്ദ്രികേ’ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ തനിക്ക് ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് വിജയ് ബാബു.

തന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ധാരാളം പേരുണ്ടെന്നും അവര്‍ക്ക് വേണ്ടിയാണ് തന്റെ രണ്ടാമൂഴമെന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് പറയുന്നു.

ജീവിതത്തില്‍ കയറ്റവും ഇറക്കവും ഉണ്ടാകും. നമ്മള്‍ തളരാതെ നില്‍ക്കുക. കാരണം നമ്മളെ ആശ്രയിച്ച് ഒരുപാട് പേര്‍ കൂടെയുണ്ട്. കുടുംബമുണ്ട്, ജോലിക്കാരുണ്ട്. ഒരുപാട് പേര്‍ ഞാന്‍ തിരിച്ചുവരാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ട്.

തളരാതെ നില്‍ക്കുക, ശക്തമായി മുന്നോട്ടുപോകുക. അതിന്റെ ഭാഗമായാണ് ഈ തിരിച്ചുവരവ്. ജീവിതത്തില്‍ പല തരത്തില്‍ വെല്ലുവിളികളുണ്ടാകും. മുന്നോട്ടുപോകുക എന്നതാണ് എല്ലാവരോടും പറയുവാനുള്ളത്.”-വിജയ് ബാബു പറയുന്നു.

നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണ്ണമായും ഇതൊരു നര്‍മ്മ ചിത്രംകൂടിയാണ്. നിരഞ്ജനാ അനൂപും തന്‍വി റാമുമാണ് നായികമാര്‍. അശ്വിന്‍, രാജേഷ് ശര്‍മ്മ, അഭിറാം രാധാകൃഷ്ണന്‍ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.