വട്ടാണോ എന്ന് ചോദിച്ച തിയേറ്ററുകാര്‍ ഉണ്ട്, ആ സിനിമയ്ക്ക് തിയേറ്ററുകള്‍ ലഭിച്ചിരുന്നില്ല, പക്ഷെ സംഭവിച്ചത്..: വിജയ് ബാബു

ഷാജി പാപ്പാന്റെയും പിള്ളേരുടെയും മൂന്നാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘ആട് 3’ എന്ന് വരും എന്ന ചോദ്യങ്ങള്‍ മിക്ക അഭിമുഖങ്ങളിലും സംവിധായകന്‍ മിഥുന്‍ മാനുവലും നിര്‍മ്മാതാവ് വിജയ് ബാബുവും നേരിടാറുണ്ട്. ആദ്യ ഭാഗം ‘ആട്: ഒരു ഭീകരജീവിയാണ്’ സിനിമ തിയേറ്ററില്‍ വിജയിച്ചിരുന്നില്ല.

എന്നാല്‍ ടെലിവിഷന്‍ പ്രീമിയര്‍ ആരംഭിച്ചപ്പോള്‍ ചിത്രത്തിന് നിരവധി പ്രേക്ഷകര്‍ ഉണ്ടായി. എങ്കിലും ആട് പരാജയമായതിനാല്‍, ആട് 2 റിലീസ് ചെയ്തത് വളരെ സ്‌ട്രെസ് ഓടെയായിരുന്നു എന്നാണ് വിജയ് ബാബു ഇപ്പോള്‍ പറയുന്നത്. വട്ടാണോ എന്ന് വരെ തിയേറ്ററുകാര്‍ ചോദിച്ചിരുന്നതായാണ് വിജയ് ബാബു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

”ആട് എന്നൊരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു, വട്ടാണോ എന്ന് ചോദിച്ച തിയേറ്ററുകാര്‍ ഉണ്ട്. തിയേറ്ററുകള്‍ കിട്ടിയിരുന്നില്ല. 2017 ക്രിസ്മസിനാണ് ആട് 2 റിലീസ് ആകുന്നത്. അന്ന് അഞ്ച് ചിത്രങ്ങളുണ്ടായിരുന്നു. മമ്മൂക്കയുടെ മാസ്റ്റര്‍പീസ്, ആന അലറലോടലറല്‍, മായാനദി, വിമാനം പിന്നെ ആട്.”

”അന്ന് ഏറ്റവും കുറവ് തിയേറ്ററുകള്‍ ലഭിച്ച, അല്ലെങ്കില്‍ ഏറ്റവും കുറവ് ഡിമാന്‍ഡ് ഉള്ള സിനിമയാണ് ആട്. ഈ അഞ്ച് പടത്തില്‍ ഫ്‌ളോപ്പ് പടത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ആട് 2 വരുന്നത്. തിയേറ്ററുകാരില്‍ നിന്നും പൊസിറ്റീവ് ആയിട്ടുള്ള റെസ്‌പോണ്‍സ് ഒന്നും കിട്ടിയിരുന്നില്ല.”

”അന്ന് നമ്മള്‍ക്ക് സ്‌ട്രെസ് ആയി. കാരണം നമ്മള്‍ എല്ലാ പണവും എടുത്ത് ഇതില്‍ ഇട്ടിരിക്കുകയായിരുന്നു” എന്നാണ് വിജയ് ബാബു പറയുന്നത്. അതേസമയം, ആട് 2 തിയേറ്ററില്‍ നിന്നും 56 കോടി രൂപ വരെ കളക്ഷന്‍ നേടിയിരുന്നു. ജയസൂര്യ നായകനായ ചിത്രത്തില്‍ സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ധര്‍മ്മജന്‍, വിനായകന്‍, ഭഗത് മാനുവല്‍, വിനീത് മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.