മുഖത്ത് നോക്കി ബോഡിഷെയ്മിംഗ്, റിപ്പോര്‍ട്ടറുടെ വായടപ്പിച്ച വിദ്യാ ബാലന്‍

ഫിറ്റ്‌നസിന് സിനിമാമേഖലയില്‍ വലിയ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും ബോളിവുഡില്‍ , എന്നാല്‍ ഇത്തരം കാഴ്ച്ചപ്പാടുകളെയെല്ലാം തകിടം മറിച്ച നടിയാണ് വിദ്യാ ബാലന്‍. വിദ്യയുടെ പഴയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിദ്യ.

ഗ്ലാമറസായ റോളുകള്‍ ചെയ്യാന്‍ വണ്ണം കുറയ്ക്കൂ എന്ന് റിപ്പോര്‍ട്ടര്‍ നടിയെ ഉപദേശിക്കുകയായിരുന്നു. മുഖത്ത് നോക്കിയുള്ള ഈ ബോഡി ഷെയ്മിംഗില്‍ വിദ്യ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് തക്ക മറുപടിയും നല്‍കി. ഞാനെന്റെ ശരീര ഭാരത്തില്‍ സന്തുഷ്ടയാണ്.

നിങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയാല്‍ നന്നായിരിക്കുമെന്നാണ് വിദ്യ പറഞ്ഞത്. ശരീരഭാരത്തിന്റെ പേരില്‍ താന്‍ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ച് വിദ്യ ബാലന്‍ മുമ്പും സംസാരിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഭാരം കുറയ്ക്കാന്‍ അനാരോഗ്യകരമായ കാര്യങ്ങള്‍ ചെയ്തിരുന്നെന്നും വിദ്യ ബാലന്‍ തുറന്ന് പറഞ്ഞു.

17 വയസ്സുള്ളപ്പോള്‍ ദിവസവും 10 ലിറ്റര്‍ വെള്ളം കുടിച്ചാല്‍ ഭാരം കുറയുമെന്ന് ഒരാളെന്നോട് പറഞ്ഞു. ഞാനങ്ങനെ ചെയ്തു. ഒടുവില്‍ വയറിന് പ്രശ്‌നങ്ങള്‍ വന്നു. എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ ഡോക്ടറെ കണ്ടപ്പോള്‍ ഡോക്ടര്‍ തന്നെ വഴക്ക് പറഞ്ഞെന്നും വിദ്യ അന്ന് ഓര്‍ത്തു.

ഒരാളുടെ ശരീര ഭാരത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് തക്ക മറുപടി നല്‍കണമെന്നും വിദ്യ വ്യക്തമാക്കി. നിങ്ങള്‍ക്ക് ചെറിയ മനസ്സാണ്. വ്യായാമത്തിനോ ഡയറ്റിനോ അത് മാറ്റാന്‍ പറ്റില്ലെന്ന് ഇത്തരക്കാരോട് പറയേണ്ടതുണ്ടെന്നും നടി പറഞ്ഞിരുന്നു.