ഇത് അപകടകരം, അങ്ങനെ ചെയ്തത് കൊണ്ട് പ്രശ്‌നം അവസാനിക്കില്ല: രോഹിണി തിയേറ്റര്‍ വിഷയത്തില്‍ വെട്രിമാരന്‍

ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ ആദിവാസി കുടുംബത്തെ സിനിമ കാണാന്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവം വലിയ വിവാദമായിരുന്നു. വിജയ് സേതുപതിയുള്‍പ്പെടെയുള്ള ചില പ്രമുഖര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ തന്റെ നിലപാടറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍.

100 വര്‍ഷം മുമ്പ് തൂത്തെറിഞ്ഞ തൊട്ടുകൂടായ്മ ഇന്നും പിന്തുടരുന്നത് അപകടകരമായ വിഷയമാണ് എന്നാണ് വെട്രിമാരന്‍ പറഞ്ഞത്. 100 വര്‍ഷം മുമ്പ് തിയേറ്ററുകള്‍ തൊട്ടുകൂടായ്മ നിര്‍ത്തലാക്കിയിരുന്നു. ജാതിയുടെ പേരില്‍ അവരെ തിയേറ്ററിനകത്ത് പ്രവേശിപ്പിക്കില്ല എന്ന് പറയുന്നത് അപകടകരമായ പ്രവണതയാണ്. സോഷ്യല്‍ മീഡിയയില്‍ സംഭവം പ്രചരിച്ചതിന് പിന്നാലെ ആ കുടുംബത്തെ സിനിമ കാണാന്‍ കയറ്റിയത് കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല.

ഇത് അംഗീകരിക്കാനാകുന്നതല്ല’, വെട്രിമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്റിലെത്തിയ ‘നരികുറവ’ വിഭാഗത്തിലുള്ള ആളുകളോട് മോശമായി പൊരുമാറിയ ഉടമസ്ഥര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

പിന്നാലെ കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും നടന്ന സംഭവത്തെ വളരെ ഗുരുതരമായാണ് സമൂഹ മാധ്യമങ്ങളും നോക്കിക്കാണുന്നത്. വിഷയത്തില്‍ വിജയ് സേതുപതി, കമല്‍ ഹാസന്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രതികരിച്ചിട്ടുണ്ട്.